Latest News

'ഗാന്ധികുടുംബത്തിന്റെ കാഴ്ചപ്പാടുമായി ഒത്തുപോകാനാവില്ല'; കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ രാജിവച്ചു

ഗാന്ധികുടുംബത്തിന്റെ കാഴ്ചപ്പാടുമായി ഒത്തുപോകാനാവില്ല; കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ രാജിവച്ചു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വക്താവുമായ ജയ്‌വീര്‍ ഷെര്‍ഗില്‍ പാര്‍ട്ടിഅംഗത്വം രാജിവച്ചു. ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിയുമായുളള എല്ലാ ചരടുകളും പൊട്ടിച്ചുകളഞ്ഞതായി അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ ഉന്നതസ്ഥാനത്തുള്ളവരുടെ കാഴ്ചപ്പാട് യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്നില്ല. ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളും ഒരു വര്‍ഷത്തിലേറെയായി കൂടിക്കാഴ്ചയ്ക്കുളള അവസരം നിഷേധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും താന്‍ വിച്ഛേദിക്കുകയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ അടിസ്ഥാന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. ഒരു വര്‍ഷത്തിലേറെയായി ഞാന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരെ കാണാന്‍ സമയം ചോദിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് കാണാന്‍ അവസരം നല്‍കിയില്ല- 'ജൈവീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

കഴിഞ്ഞ എട്ട് വര്‍ഷമായി, ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് എനിക്ക് ഒന്നും ലഭിച്ചിട്ടില്ല. മറിച്ച് പാര്‍ട്ടിയിലേക്ക് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യയശാസ്ത്രവും കാഴ്ചപ്പാടും യുവാക്കളുടെയും ആധുനിക ഇന്ത്യയുടെയും അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

39 കാരനായ ജയ്‌വീര്‍ ഷെര്‍ഗില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടിവക്താക്കളില്‍ ഒരാളായിരുന്നു.

ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും സ്വന്തം സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഉപേക്ഷിച്ചതിനുശേഷം ഈ മാസം പാര്‍ട്ടി വിടുന്ന മൂന്നാമത്തെ നേതാവാണ് ഷെര്‍ഗില്‍.

Next Story

RELATED STORIES

Share it