Latest News

വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തത് മനുഷ്യാവകാശലംഘനമെന്ന് കമ്മീഷന്‍

വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തത് മനുഷ്യാവകാശലംഘനമെന്ന് കമ്മീഷന്‍
X

കണ്ണൂര്‍: വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവും ക്രിമിനല്‍ കേസുണ്ടെങ്കിലും പെന്‍ഷന്‍ തടയരുതെന്ന കോടതി വിധികളും ഉള്ളപ്പോള്‍ മരിച്ച് ഏഴുവര്‍ഷം കഴിഞ്ഞിട്ടും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ 2011ല്‍ സര്‍വീസില്‍ നിന്നു വിരമിക്കുകയും 2012ല്‍ മരിക്കുകയും ചെയ്ത കണ്ണൂര്‍ ചെറുതാഴം സ്വദേശി എം ചന്ദ്രന്റെ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന പരാതിയിലാണ് ഉത്തരവ്. വിരമിക്കല്‍ ആനുകൂല്യങ്ങളായ ഡിസിആര്‍ജിയും പെന്‍ഷന്‍ കമ്യൂട്ടേഷനും അടിയന്തിരമായി കുടുംബത്തിന് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിയില്‍ നിന്നു കമ്മീഷന്‍ റിപോര്‍ട്ട് തേടിയിരുന്നു. പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്ത കാലത്ത് എജി ഓഡിറ്റില്‍ കണ്ടെത്തിയ ക്രമക്കേടിനെ തുടര്‍ന്നാണ് ആനുകൂല്യങ്ങള്‍ തടഞ്ഞത്. സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിച്ചുകൊണ്ടും അച്ചടക്കനടപടി അവസാനിപ്പിച്ച് കൊണ്ടുമുള്ള സര്‍ക്കാര്‍ തീരുമാനം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചന്ദ്രനെതിരെയുള്ള ബാധ്യത പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ചന്ദ്രന്റെ സര്‍വീസ് ക്രമീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നടപടികള്‍ ആരംഭിച്ചു. ചന്ദ്രന്റെ ഭാര്യ കെ കെ പ്രേമകുമാരി ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അധികാര കേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നത് പരിതാപകരമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നടപടിയെടുക്കണക്കണമെന്ന് കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി.


Non-payment of retirement benefits was a human rights violation: Commission

Next Story

RELATED STORIES

Share it