Latest News

രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ ; യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പോലിസ്

രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ  ; യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പോലിസ്
X

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്‍പ്പെടെ പ്രകോപന വിദ്വേഷ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പോലിസ്. യുപിയിലെ നോയ്ഡ സ്വദേശിയായ യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെയാണ് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പോലിസ് കേസെടുത്തത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് പോലിസ് അജീതിന് നോട്ടിസ് അയച്ചു.

വിഡിയോ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസും നോട്ടിസും. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം എന്ന് നോട്ടിസില്‍ പറയുന്നു. 'രാഹുല്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കഠിനമായി ശ്രമിക്കുന്നു, നസീര്‍ മോദിയെ മുസ്‌ലിം തൊപ്പിയില്‍ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന തലക്കെട്ടിലായിരുന്നു വിഡിയോ. ഇത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ കാരണമാകുന്നതായി നോട്ടിസില്‍ പറയുന്നു.

അഭിഭാഷകനും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസിന്റെ നിയമ മനുഷ്യാവകാശ വിവരാവകാശ സെല്‍ സംസ്ഥാന സെക്രട്ടറിയുമായ ബികെ ബൊപ്പണ്ണയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ ഐപിസി 153, 505 (2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെങ്കിലും ഒരു മുസ്‌ലിം തൊപ്പി ധരിച്ച് കാണാന്‍ ആഗ്രഹിക്കുന്നതായി പ്രശസ്ത നടനും സംവിധായകനും സാമൂഹിക വിമര്‍ശകനുമായ നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വാര്‍ത്താപോര്‍ട്ടലായ 'ദി വയറി'നു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിക്ക് വിവേകം കുറഞ്ഞുവരികയാണെന്നും തന്നെ ദൈവം അയച്ചതാണെന്നോ ദൈവമാണെന്നോ ഒക്കെ മോദി വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഭയപ്പെടേണ്ട കാര്യമാണെന്നും നസീറുദ്ദീന്‍ ഷാ ചൂണ്ടിക്കാട്ടിയിരുന്നു. പഴയ മോദിയില്‍ നിന്ന് പുതിയ മോദിയായി മാറുന്നത് എളുപ്പമാണോ എന്ന് ചോദ്യത്തിന്, പ്രധാനമന്ത്രിക്ക് അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നസിറുദ്ദീന്‍ ഷാ പ്രതികരിച്ചിരുന്നു.

Next Story

RELATED STORIES

Share it