Latest News

ഒരുതരി മണ്ണ് വേണ്ട; ഉലുവച്ചീര വളര്‍ത്താം

ഒരുതരി മണ്ണ് വേണ്ട; ഉലുവച്ചീര വളര്‍ത്താം
X

കോഴിക്കോട്: വീട്ടില്‍ വളര്‍ത്തിയ ഇലക്കറികള്‍ കഴിക്കാനുള്ള ആഗ്രഹമുണ്ടെങ്കില്‍ അതിന് കൃഷിസ്ഥലമില്ല എന്ന പരിമിതി ഇനി മറന്നേക്കാം. ഒരുതരി മണ്ണുപോലുമില്ലെങ്കിലും മല്ലിയും ഉലുവയും ചെറുപയറുമെല്ലാം സ്പ്രൗട്ടാക്കിയെടുത്ത് പാചകത്തിന് ആവശ്യത്തിനുള്ള ചീരയുണ്ടാക്കാം. ഇതില്‍ ഏറ്റവും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഒന്നാണ് പോഷക ഗുണം ഏറെയുള്ള ഉലുവച്ചീര.


ധാന്യങ്ങള്‍ മുളപ്പിച്ചെടുക്കുന്ന ഇലകളുടെ കൂട്ടത്തില്‍ ഏറ്റവും ഗുണമേന്മയുള്ളതാണ് ഉലുവച്ചീര.എല്ലിന്റെ ശക്തിക്കും ഹൃദയാരോഗ്യത്തിനും ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമെല്ലാം മികച്ചതാണ് ഈ കുഞ്ഞന്‍ ഇലകള്‍. കുറച്ച് ഉലുവമണികള്‍, അത്യാവശ്യം വാവട്ടമുള്ള ഒരു പ്ലാസ്റ്റിക് പൂച്ചട്ടി അതല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തിലും പാത്രം, പരന്ന ഒരു നെറ്റ് ബാസ്‌കറ്റ്, ഇടത്തരം വലിപ്പത്തില്‍ ഒരു ടവല്‍, പിന്നെ ഇത്തിരി വെള്ളം എന്നിവ മാത്രമുണ്ടെങ്കില്‍ ദിവസങ്ങള്‍ക്കകം ഉലവച്ചീര വളര്‍ത്തിയെടുക്കാനാവും.


ആദ്യം ഒരു പിടി ഉലുവ മണികള്‍ ഒരു ദിവസം മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. അതിനു ശേഷം എടുത്ത് വെള്ളം ഊറ്റിക്കളഞ്ഞ് ഒരു ബൗളില്‍ ഇട്ട് വീണ്ടും ഒരു ദിവസം മുഴുവന്‍ അടച്ചുവയ്ക്കുക. അപ്പോഴേക്കും അവ മുളപൊട്ടിയിരിക്കും. അതെടുത്ത് ഒരു നെറ്റ് ബാസ്‌കറ്റില്‍ വിതറണം. ഒരു പ്ലാസ്റ്റിക് പൂച്ചട്ടിയില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമെടുത്ത,് മുളപ്പിച്ച ഉലുവ വിതറിയ ബാസ്‌കറ്റ് അതിനു മീതെ വയ്ക്കുക. ചട്ടിയിലെ വെള്ളം ബാസ്‌കറ്റില്‍ കയറരുത്. എന്നാല്‍, അതിന്റെ അടിവശം വെള്ളത്തില്‍ തൊടുന്ന പാകത്തിലുമാവണം. ബാസ്‌കറ്റ് ഒരു ടവല്‍ കൊണ്ട് മൂടി ഒരു ദിവസം മുഴുവന്‍ വയ്ക്കുക. പിന്നീട് തുറന്നു നോക്കിയാല്‍ മുളച്ചു പൊങ്ങി തുടങ്ങിയതായി കാണാം. അവയുടെ വേരുകള്‍ വെള്ളത്തിലേക്ക് നീണ്ട് ഇറങ്ങിയിരിക്കും. വീണ്ടും ടവല്‍ കൊണ്ട് മൂടിവെക്കാം.


മൂന്നു ദിവസത്തിനു ശേഷം ഇത് തുറന്നു നോക്കിയാല്‍ നന്നായി വളര്‍ന്നു പൊങ്ങിയതായി കാണാം. അതുകഴിഞ്ഞ് ചട്ടിയും ബാസ്‌കറ്റും ഒരുമിച്ചെടുത്ത് വെളിച്ചം കിട്ടുന്നിടത്ത് വയ്ക്കണം. പിന്നെ ടവല്‍ കൊണ്ട് മൂടേണ്ടതില്ല. ചട്ടിയിലെ വെള്ളം രണ്ടു ദിവസം കൂടുമ്പോള്‍ മാറ്റിക്കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


ഏകദേശം 15 ദിവസം കഴിയുമ്പോഴേക്കും ഉലുവച്ചീര ഇലകള്‍ നീണ്ട് വെട്ടിയെടുക്കാന്‍ പാകത്തിനുള്ള വളര്‍ച്ച എത്തിയതായി കാണാം. ഇവ വെട്ടിയെടുത്ത് പല വിഭവങ്ങളുമുണ്ടാക്കാം. ഉലുവയുടെ രുചി പോലെ ഇലകള്‍ക്ക് ചെറിയൊരു കയ്പ്പുണ്ടാവാറുണ്ട്. എന്നാല്‍ ഇത് അത്യധികം പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ്. ഉരുളക്കിഴങ്ങനൊപ്പം ചീരവയ്ക്കുന്നതു പോലെ പാകപ്പെടുത്തി ഊണിനു പറ്റിയ കൂട്ടുകറി തയ്യാറാക്കം. പച്ചമല്ലി വെള്ളത്തിലിട്ട് മല്ലിച്ചപ്പും, ചെറുപയറും ഇതേ രീതിയില്‍ വളര്‍ത്തിയെടുക്കാനാവും.





Next Story

RELATED STORIES

Share it