Latest News

'മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവില്ല'; എഎംയു പ്രൊഫസര്‍ ഡോ. ജിതേന്ദ്ര കുമാറിന് മുന്‍കൂര്‍ ജാമ്യം

മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവില്ല; എഎംയു പ്രൊഫസര്‍ ഡോ. ജിതേന്ദ്ര കുമാറിന് മുന്‍കൂര്‍ ജാമ്യം
X

ന്യൂഡല്‍ഹി: 2022ല്‍ ഫോറന്‍സിക് മെഡിസിന്‍ പ്രഭാഷണത്തിനിടെ ബലാല്‍സംഗം എന്ന വിഷയത്തില്‍ ഹിന്ദു പുരാണങ്ങള്‍ ചൂണ്ടിക്കാട്ടി എന്നാരോപിച്ച് എഫ്ഐആര്‍ നേരിടുന്ന അലിഗഡ് മുസ് ലിം യൂണിവേഴ്സിറ്റി (എഎംയു) പ്രൊഫസര്‍ ഡോ. ജിതേന്ദ്ര കുമാറിന് അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 'പൊതുസമാധാനവും മതവികാരവും തകര്‍ക്കാന്‍ അധ്യാപകന്‍ മനഃപൂര്‍വ്വം ശ്രമിച്ചുവെന്ന് പ്രഥമദൃഷ്ട്യാ പറയാനാവില്ല' എന്ന് നിരീക്ഷിച്ചാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രൊഫസറുടെ പങ്ക്, കേസിന്റെ സാഹചര്യം, സര്‍വകലാശാല നടത്തിയ മുന്‍ വസ്തുതാന്വേഷണം എന്നിവ കണക്കിലെടുത്താണ് ജാമ്യം.

'ഒരു അധ്യാപകന്‍ ക്ലാസ് മുറിയില്‍ പഠിപ്പിക്കുമ്പോള്‍, വിഷയത്തിന്റെ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ചരിത്രപരമായ കാര്യങ്ങളെ പരാമര്‍ശിക്കുമ്പോള്‍, പ്രഥമദൃഷ്ട്യാ അധ്യാപകന്‍ പൊതുസമാധാനവും മതവികാരവും തകര്‍ക്കാന്‍ മനഃപൂര്‍വ്വം ശ്രമിച്ചുവെന്ന് പറയാനാവില്ല' എന്ന് ജസ്റ്റിസ് ഗൗതം ചൗധരിയുടെ ബെഞ്ച് നിരീക്ഷിച്ചു.എ.എം.യു പൂര്‍വ്വ വിദ്യാര്‍ത്ഥിയും ബിജെപി പ്രവര്‍ത്തകനുമായ നിഷിത് ശര്‍മ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ. ജിതേന്ദ്ര കുമാറിനെതിരേ കേസെടുത്തത്. ഐപിസി 153 എ, 295 എ, 298, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബലാല്‍സംഗം' എന്ന വിഷയം യൂണിവേഴ്‌സിറ്റി സിലബസിലും ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡോ.ജിതേന്ദ്രകുമാര്‍ വ്യക്തമാക്കി. ബാബാ സാഹിബ് ഡോ. അംബേദ്കര്‍ സമ്പൂര്‍ണ വാങ്മയ് ഭാഗം-8, ബ്രഹ്‌മ വൈവര്‍ത്ത പുരാണം എന്നിവയുള്‍പ്പെടെയുള്ള ചരിത്ര ഗ്രന്ഥങ്ങള്‍ ചൂണ്ടികാണിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it