Latest News

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

നോയിഡയില്‍ നിന്നാണ് പോലിസ് പിടികൂടിയത്

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍
X

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജിലെ ബിഡിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് നോയിഡയില്‍ നിന്ന് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലിസിന്റെ പിടിയിലായത്. 'ഇന്‍സ്റ്റന്റ് ഫണ്ട്സ്' എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ആപ്പിനെതിരേ പോലിസ് കേസെടുത്തിരുന്നു. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. മാനസികമായി പീഡിപ്പിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. ചക്കരക്കല്‍ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെയായിരുന്നു നിതിന്‍ ആത്മഹത്യ ചെയ്തത്. നിതിനെ ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പോലിസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പോലിസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

ഐടി പാര്‍ക്കിനു സമാനമായ സ്ഥാപനത്തില്‍ നാല്‍പതോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ലോണ്‍ ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതും പണം നല്‍കുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പോലിസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ ആളുകളെ വിളിക്കാന്‍ ഫോണിനു പകരം സിം ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പോലിസ് സിം ബോക്‌സുകളും സിം കാര്‍ഡുകളും കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it