Latest News

നിമിഷപ്രിയയുടെ മോചനം:നയതന്ത്ര ഇടപെടല്‍ സാധ്യമാകില്ലെന്ന് കേന്ദ്രം;ഹരജി തള്ളി

നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി

നിമിഷപ്രിയയുടെ മോചനം:നയതന്ത്ര ഇടപെടല്‍ സാധ്യമാകില്ലെന്ന് കേന്ദ്രം;ഹരജി തള്ളി
X

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി.

നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി തള്ളുകയായിരുന്നു.നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹരജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ മരിച്ച യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. അതിനാല്‍ നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യമനിലേക്ക് പോകാന്‍ കഴിയുന്നില്ല.ഇക്കാരണത്താല്‍ യമന്‍ പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വധ ശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹരജി യമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു.വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്ന് ആയിരുന്നു നിമിഷപ്രിയയുടെ ആവശ്യം. എന്നാല്‍, യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.

2017 ജൂലൈ 25ന് യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദി എന്നയാളെ നിമിഷപ്രിയയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാല്‍ നിമിഷപ്രിയയ്ക്ക് സഹായവാഗ്ദാനം നല്‍കിയെന്നും ഇതിന്റെ മറവില്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചു വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് നിമിഷപ്രിയയുടെ വാദം.ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.











Next Story

RELATED STORIES

Share it