Latest News

നിലമ്പൂര്‍ കനോലിപ്ലോട്ട് ജീപ്പ് സഫാരി; യാത്ര ഇനി വനത്തിലൂടെ മാത്രം

പുതിയ ക്രമീകരണ പ്രകാരം വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് നിന്നുതന്നെയാണ് ജീപ്പ് സഫാരി തുടങ്ങുക

നിലമ്പൂര്‍ കനോലിപ്ലോട്ട് ജീപ്പ് സഫാരി; യാത്ര ഇനി വനത്തിലൂടെ മാത്രം
X

മലപ്പുറം: ലോകത്തെ ആദ്യ മനുഷ്യ നിര്‍മിത തേക്ക് തോട്ടമായ നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്ക് ടൂറിസം വകുപ്പ് എര്‍പ്പെടുത്തിയ 'വൈല്‍ഡ് ജീപ്പ് സഫാരി' യിലെ തെറ്റ് വനംവകുപ്പ് തിരുത്തി. കാട്ടിനകത്തു കൂടിയുള്ള സാഹസിക ജീപ്പ് യാത്ര എന്ന പേരില്‍ ജനങ്ങളില്‍ നിന്നും പണം വാങ്ങി യാത്രയുടെ 90 ശതമാനവും വാഹനത്തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്ന രീതിക്ക് മാറ്റം വരുത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിലമ്പൂര്‍ നോര്‍ത്ത് വനംവകുപ്പ്, ഫോറസ്റ്റ് ഡവലപ്മെന്റ് ഏജന്‍സി വഴി ഏര്‍പ്പെടുത്തിയ ജീപ്പ് സഫാരി ഭൂരിഭാഗവും തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്നത് സംബന്ധിച്ച് തേജസ് വാര്‍ത്ത നല്‍കിയിരുന്നു.

നേരത്തെ നിലമ്പൂരിനടുത്തുള്ള കനോലി ഇക്കോ ടൂറിസം സെന്ററില്‍ നിന്നാണ് ജീപ്പ് സഫാരി തുടങ്ങിയിരുന്നത്. വനത്തിലൂടെയുള്ള 16 കിലോമീറ്റര്‍ യാത്രക്കു പകരം, 14 കിലോമീറ്ററും വാഹനത്തിരക്കേറിയ റോഡിലൂടെയായിരുന്നു സഞ്ചാരം. എളഞ്ചീരി റിസര്‍വ് വനത്തിലൂടെ വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് വനത്തിലൂടെ ജീപ്പ് സഞ്ചരിക്കുന്നത്. ഇതിന് ഒരാള്‍ക്ക് 200 രൂപയും നല്‍കേണ്ടിയിരുന്നു.

ആസൂത്രണത്തിലെ ഈ പിഴവ് കാരണം പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ സഞ്ചാരികള്‍ ഇതിനെ കൈയൊഴിഞ്ഞു. കൊവിഡിന്റെ പേരില്‍ മാസങ്ങളോളം വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ട ശേഷം തുറന്ന അവസ്ഥയിലും നാമമാത്രമായ സഞ്ചാരികളാണ് ജീപ്പ സഫാരിക്ക് എത്തിയിരുന്നത്.

പുതിയ ക്രമീകരണ പ്രകാരം വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് നിന്നുതന്നെയാണ് ജീപ്പ് സഫാരി തുടങ്ങുക. നേരത്തെ നിലമ്പൂര്‍ ടൗണ്‍ എത്തുന്നതിനു മുന്‍പുള്ള കനോലി ഇക്കോ ടൂറിസം സെന്ററില്‍ നിന്നും തുടങ്ങിയിരുന്ന യാത്ര ഇനി മുതല്‍ ചാലിയര്‍ പഞ്ചായത്തിലെ മൊടവണ്ണ എളഞ്ചീരിയില്‍ നിന്നുമാണ് ആരംഭിക്കുക. ഇതുവഴി സഞ്ചാരികള്‍ക്ക് പൂര്‍ണമായും വനത്തിലൂടെ തന്നെ യാത്ര നടത്താം. 9745328210, 9633393772,9446158846 നമ്പറുകളില്‍ വിളിച്ച് വൈല്‍ഡ് ജീപ്പ് സഫാരി ബുക്ക് ചെയ്യാം.

Next Story

RELATED STORIES

Share it