Latest News

എന്‍ഐഎ പരിശോധന: എസ്ഡിപിഐയെ അവമതിക്കാനുള്ള ഹീനശ്രമം; അന്‍സാരി ഏനാത്ത്

എന്‍ഐഎ പരിശോധന: എസ്ഡിപിഐയെ അവമതിക്കാനുള്ള ഹീനശ്രമം; അന്‍സാരി ഏനാത്ത്
X

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ഐഎ കഴിഞ്ഞ ദിവസം നടത്തിയ പരിശോധന പാര്‍ട്ടിയെ അവമതിക്കാനുള്ള ഹീനശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേടിയ ജനകീയ പിന്തുണയില്‍ അസ്വസ്ഥത പൂണ്ട് അന്വേഷണ ഏജന്‍സികളെ വീണ്ടും അഴിച്ചുവിടുന്നത് പൊതുസമൂഹം തിരിച്ചറിയും. പാര്‍ട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ മൗലവി ഉള്‍പ്പെടേയുള്ളവരുടെ വീടുകള്‍ പരിശോധന നടത്തിയിട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് എന്‍ഐഎ രേഖാമൂലം എഴുതി നല്‍കിയാണ് മടങ്ങിയത്. എന്നിട്ടും അവരുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയെടുത്തു. ഫാഷിസ്റ്റ് സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ തങ്ങളുടെ ഉപകരണങ്ങളായി ഉപയോഗിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഫോണ്‍ കൊണ്ടുപോയത് പുതിയ കള്ളക്കഥകളുടെ തിരക്കഥയ്ക്കുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ണായക മുന്നേറ്റം നടത്തുമെന്ന വിലയിരുത്തല്‍ ഈ പരിശോധനയ്ക്കു പിന്നിലുണ്ട്. ഈ നടപടികല്‍ വിവേചനം മാത്രമല്ല നീതി വ്യവസ്ഥയെ പരിഹസിക്കലാണ്. റെയ്ഡ് നാടകങ്ങളിലൂടെ പുകമറ സൃഷ്ടിച്ചും കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കിയും പാര്‍ട്ടിക്കു ലഭിക്കുന്ന സ്വീകാര്യത തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. മറ്റു പല സംഭവങ്ങളുമായി പാര്‍ട്ടിയെ കൂട്ടിക്കെട്ടി അവമതിപ്പുണ്ടാക്കാന്‍ നടത്തുന്ന ഹീന ശ്രമം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം പ്രഹസനങ്ങള്‍ വിപരീത ഫലമേ ഉണ്ടാക്കൂ എന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയുന്നത് നല്ലതാണ്. കള്ളക്കേസും അറസ്റ്റും തടവറയുമൊക്കെ കൊണ്ട് സാമൂഹിക നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തെ പിന്നോട്ടടിക്കാമെന്ന സ്വപ്നം പേക്കിനാവായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it