Latest News

*ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ - ജപ്പാൻ സഹകരണം: എൻഐടിയിൽ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി.*

*ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ - ജപ്പാൻ സഹകരണം: എൻഐടിയിൽ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി.*
X

കോഴിക്കോട്:ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശാസ്ത്രീയ സഹകരണത്തിൽ നാഴികക്കല്ലായി മാറിയ അന്താരാഷ്ട്ര സമ്മേളനത്തിന് (ICFAST 2025) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ് (എൻഐടി) തുടക്കമായി. നൊബേൽ സമ്മാന ജേതാവായ പ്രൊഫ. യോഷിനോ അകിര ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 317 പ്രമുഖ ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ ജെഎസ്പിഎസ് പൂർവവിദ്യാർഥി സംഘടനയും (IJAA) എൻഐടി കാലിക്കറ്റും സംയുക്തമായി കേന്ദ്ര സർക്കാരിന്റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (NRF) പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലിഥിയം-അയൺ ബാറ്ററികളുടെ കണ്ടുപിടിത്തത്തിന് 2019-ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ പ്രൊഫ. യോഷിനോ അകിര, "ലിഥിയം-അയൺ ബാറ്ററി തുറന്നുതരുന്ന ഭാവി സമൂഹം" എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. ബാറ്ററി സാങ്കേതികവിദ്യ ആഗോള ഊർജ്ജ മേഖലയെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും ഹരിത ഭാവിക്കായി സുസ്ഥിരമായ കണ്ടുപിടുത്തങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിലെ വിശിഷ്ടാതിഥിയായ പത്മശ്രീ പ്രൊഫ. ഇ. ഡി. ജമ്മീസ് (ഐഐഎസ്‌സി ബെംഗളൂരു), "കാർബണിന്റെയും ബോറോണിന്റെയും ഘടനാപരമായ രസതന്ത്രത്തിലെ വൈജാത്യങ്ങൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐജെഎഎ ചെയർമാൻ പ്രൊഫ. ഡി. ശക്തി കുമാർ സ്വാഗതം ആശംസിച്ചു. ജെഎസ്പിഎസ് ബാങ്കോക്ക് ഓഫീസ് ഡയറക്ടർ പ്രൊഫ. യോഷിയോ ഒട്ടാനി, എൻഐടി ഡീൻ (ഇൻറർനാഷണൽ റിലേഷൻസ്) പ്രൊഫ. രവി വർമ്മ, ചെന്നൈയിലെ ജപ്പാൻ കോൺസുലേറ്റ് ജനറൽ ഉപദേഷ്ടാവ് . ടെറാവോക്ക മാമി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇന്ത്യ-ജപ്പാൻ ശാസ്ത്ര-സാങ്കേതിക സെമിനാറുകളുടെ മുൻ സംഘാടക സെക്രട്ടറിമാരായ ഡോ. സി. ഗുരുമൂർത്തി, പ്രൊഫ. ഭബാനി പ്രസാദ് മണ്ഡൽ, പ്രൊഫ. ദിനേശ് രംഗപ്പ, ഡോ. സുശീൽ കുമാർ സിംഗ്, പ്രൊഫ. ഉത്പൽ ബോറ, പ്രൊഫ. ശിവാജി ബാബാസോ സദാലെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്നുള്ള സെഷനുകളിൽ പ്രൊഫ. ഹിരോഷി ആബെ (നഗോയ യൂണിവേഴ്സിറ്റി), പ്രൊഫ. അനിൽ പ്രഭാകർ (ഐഐടി മദ്രാസ്), പ്രൊഫ. മാക്കോ നകാമുറ (ക്യുഷു യൂണിവേഴ്സിറ്റി), പ്രൊഫ. നന്ദകുമാർ കളരിക്കൽ (മഹാത്മാഗാന്ധി സർവകലാശാല) തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞർ പ്രഭാഷണങ്ങൾ നടത്തും.

Next Story

RELATED STORIES

Share it