Latest News

അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുല്‍പാദനം വിജയം; നേട്ടം കൈവരിച്ച് പീച്ചി ഫിഷ് സീഡ് ഹാച്ചറി

അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുല്‍പാദനം വിജയം; നേട്ടം കൈവരിച്ച് പീച്ചി ഫിഷ് സീഡ് ഹാച്ചറി
X

തൃശൂര്‍: ഗവ.ഫിഷ് സീഡ് ഹാച്ചറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുല്‍പാദനം വിജയം കണ്ടു.

കേരളത്തില്‍ സാധാരണയായി ഈ ഇനം മത്സ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ വിത്തുല്‍പാദനം വിജയിച്ചിരുന്നില്ല. കല്‍ക്കട്ട, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് അനബസ് മത്സ്യങ്ങള്‍ എത്തിച്ചിരുന്നത്. എന്നാല്‍ കാര്‍പ്പ് മത്സ്യങ്ങളുടെ വിത്തുല്‍പാദനം പോലെ ഇതും സാധ്യമാണെന്ന് പീച്ചി ഹാച്ചറിയില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ്.

പീച്ചി റിസര്‍വോയറിലെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1969 ലാണ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഫിഷറീസ് കാര്യാലയം പീച്ചിയില്‍ സ്ഥാപിക്കുന്നത്. പീന്നീട് 1992-98 കാലയളവില്‍ ഇന്‍ഡോ ജര്‍മന്‍ പ്രോജക്ടിന്റെ ഭാഗമായി ചെറിയ രീതിയില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് മത്സ്യങ്ങളുടെ പ്രജനനം ഇവിടെ ആരംഭിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കാലപ്പഴക്കം മൂലം നിലവിലുണ്ടായിരുന്ന കെട്ടിടവും ടാങ്കുകളും ഉപയോഗശൂന്യമാവുകയും ചെയ്തു.

2014 ല്‍ തൃശൂര്‍ ഫിഷറീസിന്റെ നിരന്തരമായ ആവശ്യപ്രകാരം സംസ്ഥാനത്തെ ശുദ്ധജല മത്സ്യങ്ങളുടെ ആവശ്യം നിറവേറ്റാന്‍ 284 ലക്ഷം രൂപ ചെലവില്‍ മള്‍ട്ടി സ്പീഷ്യസ് ഫിന്‍ ഫിഷ് ഹാച്ചറി എന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. 2015 മെയ് മാസത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തൃശൂര്‍ നിര്‍മ്മിതി കേന്ദ്രയ്ക്കായിരുന്നു നിര്‍മാണച്ചുമതല. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി നാല് പദ്ധതികള്‍ക്കു കൂടി അനുമതി ലഭിച്ചു. ഇതോടെ ഫിഷറീസ് വകുപ്പിന് കീഴില്‍ രണ്ടു ബ്ലോക്കുകളിലായി കിടന്നിരുന്ന 6 ഏക്കര്‍ പ്രദേശത്ത് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. 3.4 ഏക്കര്‍ സ്ഥലത്തെ ആദ്യ ബ്ലോക്കിന്റെ 95 ശതമാനം പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2015 മെയ്മാസം മുതല്‍ മത്സ്യങ്ങളുടെ പ്രജനനം ഇവിടെ ആരംഭിക്കുകയും 2016 ജൂലൈ മുതല്‍ മത്സ്യ കര്‍ഷകര്‍ക്ക് ഇവിടെ നിന്നും മത്സ്യ വിത്തുകള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇതോടെ കേരളത്തിലെ നമ്പര്‍ വണ്‍ ഹാച്ചറിയായി പീച്ചിയിലെ ഗവ. ഫിഷ് സീഡ് ഹാച്ചറി പേരെടുത്തു.

കാര്‍പ്പ്, നാടന്‍ മത്സ്യ ഇനങ്ങളായ കടു, മുഷി, വരാല്‍, കരിമീന്‍, പച്ചിലവെട്ടി, ഇറ്റാ പച്ചില, പുലന്‍, കരുപ്പിടി (കറുകുപ്പ്) എന്നിവ കൂടാതെ ഗിഫ്റ്റ് തിലാപ്പിയ, കരിമീന്‍, കുയില്‍ എന്നീ മത്സ്യങ്ങളുടെ വിത്തുല്‍പാദനവും നേഴ്‌സറി പരിപാലനവും വിപണനവും ഇവിടെ നടക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കര്‍ഷകര്‍ക്കും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലന കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 201617ല്‍ 8.64 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഹാച്ചറിയില്‍ ഉല്‍പ്പാദിപ്പിച്ചതെങ്കില്‍ 202021 ല്‍ മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്‍പാദനം 61 ലക്ഷമായി വര്‍ധിച്ചു. ഈ വര്‍ഷം 80 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുല്‍പാദനവും 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ നേഴ്‌സറി പരിപാലനവും നടത്തി.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഹാച്ചറികളില്‍ മികച്ച പ്രവര്‍ത്തനവും ഉല്‍പ്പാദനവും വരുമാനവും ലഭിക്കുന്നത് പീച്ചി ഹാച്ചറിയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 63 ലക്ഷം രൂപ വിറ്റുവരവ് ലഭിച്ചതായി അധികൃതര്‍ പറയുന്നു. മത്സ്യകൃഷിയില്‍ നൂതനമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അതിസാന്ദ്രതാ മത്സ്യകൃഷി രീതിയാണ് പീച്ചി ഹാച്ചറിയില്‍ അനുവര്‍ത്തിക്കുന്നത്. ആകെ 78 സെന്റ് വാട്ടര്‍ ഏരിയയിലാണ് ഇത്രയും ഉല്‍പ്പാദനം കൈവരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഹാച്ചറിയുടെ പ്രവര്‍ത്തനത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ട് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

തൃശൂര്‍ ഫിഷറീസ് വകുപ്പിന് കീഴിലാണ് നിലവില്‍ ഹാച്ചറിയുടെ പ്രവര്‍ത്തനം നടക്കുന്നത്. തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് മാജാ ജോസിനാണ് ജില്ലാതല നിയന്ത്രണം. തിരുവനന്തപുരം അക്വാ കള്‍ച്ചര്‍ ഫിഷറീസ് ഡയറക്ടറേറ്റിലെ ഫിഷറീസ് ഹാച്ചറി കണ്‍സ്ട്രക്ഷന്‍ സംസ്ഥാന തല ജോയിന്റ് ഡയറക്ടര്‍ ഇഗ്‌നേഷ്യസ് മണ്‍ട്രോ, ഹാച്ചറി ഇന്‍ ചാര്‍ജ് ഓഫീസര്‍ ജോമോള്‍ സി ബേബി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഹാച്ചറിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

Next Story

RELATED STORIES

Share it