Top

മുറവും മുറ്റവും നിറച്ച് കാര്‍ഷിക പദ്ധതികള്‍

മുറവും മുറ്റവും നിറച്ച് കാര്‍ഷിക പദ്ധതികള്‍
X

തൃശൂര്‍: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരവധി പദ്ധതികളാണ് കൃഷിവകുപ്പ് നടപ്പാക്കുന്നത്. ഭൂപ്രകൃതിക്ക് അനുയോജ്യമായ വിളയിനങ്ങള്‍ കണ്ടെത്തി ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് ആസൂത്രണം ചെയ്ത പദ്ധതികള്‍ പലതും വന്‍ വിജയത്തിലേക്കുള്ള പാതയിലാണ്. കൃഷിവകുപ്പ് മുന്നില്‍ നിന്ന് നയിക്കുന്ന ഈ കാര്‍ഷിക പദ്ധതികള്‍ക്ക് ജനപിന്തുണയും അനുദിനം വര്‍ദ്ധിക്കുകയാണ്.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി

മലയാളിയുടെ കാര്‍ഷിക ഉത്സവമായ ഓണം മുന്നില്‍ക്കണ്ട് ആരംഭിച്ച പദ്ധതിയാണ് 'ഓണത്തിന് ഒരു മുറം പച്ചക്കറി'. ഭക്ഷ്യസംസ്‌കൃതിയുടെ ആഘോഷമായ ഓണത്തെ 'വരവ് പച്ചക്കറി'കളെ ആശ്രയിക്കാതെ എങ്ങനെ വരവേല്‍ക്കാം എന്ന ചിന്തയില്‍ നിന്ന് പിറവിയെടുത്ത പദ്ധതിയാണിത്.

വിവിധയിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ അഞ്ചുലക്ഷം വിത്ത് പാക്കറ്റുകളും വിവിധ പച്ചക്കറികളുടെ 20 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യാനാണ് പദ്ധതിപ്രകാരം ലക്ഷ്യമിട്ടത്. സര്‍ക്കാര്‍ ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല വി.എഫ്.പി.സി.കെ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴി ഇവയുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.

ഒരുകോടി ഫലവൃക്ഷതൈകളുടെ വിതരണം

നാടും നഗരവും അക്ഷരാര്‍ത്ഥത്തില്‍ ഫലവൃക്ഷങ്ങളുടെ ഒരു ഹരിതവനമാക്കാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ജില്ലയില്‍

1015387 ഫലവൃക്ഷതൈകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. അത്യുല്‍പാദന ശേഷിയുള്ള വൃക്ഷ ഇനങ്ങളുടെ ഗ്രാഫ്റ്റ്കളും ലയറുകളുമാണ് വിതരണം ലക്ഷ്യമിട്ട് വികസിപ്പിച്ചത്. സര്‍ക്കാര്‍ ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, വി എഫ് പി സി കെ, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, എന്നിവര്‍ മുഖേന തൈകളുടെ വിതരണം നടക്കുന്നു.

ഭാരതീയ പ്രകൃതികൃഷി പദ്ധതി

'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ഭക്ഷണം നമ്മുടെ മരുന്ന്' എന്നീ വിശാലമായ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. വിഷ വിമുക്തമായ പച്ചക്കറിയുടെ ഉല്‍പാദനമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം 3000 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി നടപ്പിലാക്കുന്നതിന് ലക്ഷ്യമിട്ടുള്ള നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗവിളകള്‍, പയറുവര്‍ഗവിളകള്‍ എന്നിവ ജൈവികമായി കൃഷി ചെയ്യുന്നതിന് സഹായമൊരുക്കുന്നു. ജൈവ കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ട പരിശീലനവും സഹായങ്ങളും ഈ പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍

കാര്‍ഷിക വിളകളുടെ സംസ്‌കരണവും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ലക്ഷ്യമിട്ട് കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കുന്ന പദ്ധതിയാണ്

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ അഥവാ എഫ്.പി.ഒ. ഈ പദ്ധതി പ്രകാരം കര്‍ഷക കൂട്ടായ്മയിലുള്ള ആറ് പുതിയ എഫ്.പി.ഒകളുടെ രൂപീകരണം ജില്ലയില്‍ ലക്ഷ്യമിടുന്നു. കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 12 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഈ പദ്ധതിപ്രകാരം നിലവില്‍ വരുന്നു.

കേരഗ്രാമം പദ്ധതി

പേര് കേട്ട കേരളത്തിന്റെ ഗ്രാമഭംഗിയില്‍ കേരനിരകള്‍ക്കുള്ള പങ്കിനെ പറ്റി പറയേണ്ടതില്ല. കേരകര്‍ഷകരുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് അസൂത്രണം

ചെയ്ത 'കേരഗ്രാമം' ഏറെ ജനപിന്തുണ ലഭിച്ച ഒരു പദ്ധതിയാണ്. ശാസ്ത്രീയ തെങ്ങുകൃഷി വ്യാപിപ്പിക്കുന്നതിനായി 250 ഹെക്ടര്‍ വിസ്തൃതിയില്‍ 4 ഗ്രാമങ്ങള്‍ ഇതിനായി സജ്ജമാക്കികഴിഞ്ഞു. എളവള്ളി, വള്ളത്തോള്‍ നഗര്‍, പുതുക്കാട്, പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പിലാകുന്നത്.

അര്‍ബന്‍ മാര്‍ക്കറ്റുകള്‍

വിളകള്‍ വിറ്റഴിക്കുന്നതിന് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരം കാണുക എന്ന ഉദ്ദേശതോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് അര്‍ബന്‍ മാര്‍ക്കറ്റുകളുടെ നിര്‍മാണം. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ക്രയവിക്രയം നടത്തുന്നതിന് വേണ്ട അര്‍ബന്‍ മാര്‍ക്കറ്റുകളുടെ രൂപീകരണം ഈ പദ്ധതി ലക്ഷ്യമിടുന്നു. കോര്‍പറേഷന്‍ പരിധിയിലും നഗരസഭ പരിധികളിലുമായി 10 മാര്‍ക്കറ്റുകള്‍ പദ്ധതി പ്രകാരം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

വിള ഇന്‍ഷുറന്‍സ്

മാറുന്ന കാലവസ്ഥയും വിപണിയുടെ അസ്ഥിരരതയും കര്‍ഷകരെ നേരിട്ട് ബാധിക്കാതെ സംരക്ഷിക്കുന്ന പദ്ധതിയാണിത്. വിള നാശം ഏല്‍പിച്ചേക്കാവുന്ന വലിയ നഷ്ടത്തില്‍ നിന്നും ചെറിയ ഒരു തുക പ്രീമിയം അടച്ച് കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിയില്‍. പദ്ധതി പ്രകാരം രണ്ടായിരത്തോളം കര്‍ഷകരെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കാനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നു.

Next Story

RELATED STORIES

Share it