Latest News

കടലാമകള്‍ മുട്ടയിട്ടു തുടങ്ങി: സംരക്ഷണ കവചമൊരുക്കി വനംവകുപ്പ്

കടലാമകള്‍ മുട്ടയിട്ടു തുടങ്ങി:  സംരക്ഷണ കവചമൊരുക്കി വനംവകുപ്പ്
X

തൃശൂര്‍: ചാവക്കാട് തീരങ്ങളില്‍ കടലാമകള്‍ മുട്ടയിട്ട് തുടങ്ങി. വൈകിയാണെങ്കിലും തീരം അനുകൂലമായതോടെയാണ് ചാവക്കാട് മേഖലകളില്‍ കടലാമകള്‍ മുട്ടയിടാന്‍ എത്തി തുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയായി അകലാട്, പഞ്ചവടി, മന്നലാംകുന്ന്, പാപ്പാളി, ബ്ലാങ്ങാട്, രാജ ബീച്ച് എന്നീ കടല്‍ത്തീരത്തെ മണല്‍ പ്രദേശങ്ങളില്‍ കടലാമകള്‍ കൂടൊരുക്കി മുട്ടയിട്ട് തുടങ്ങിയതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബ്ലാങ്ങാട് മുതല്‍ മംഗലാംകുന്ന് വരെയുള്ള ഭാഗങ്ങളില്‍ 11 താല്‍ക്കാലിക ഹാച്ചറികളില്‍ മുട്ടകള്‍ സംരക്ഷിച്ചു വരുന്നു.

മുട്ടകള്‍ വിരിയുന്നതിനാവശ്യമായ സംരക്ഷണ കവചം ഒരുക്കുന്നതിന് തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗം സന്നദ്ധപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഡിസംബര്‍ മാസത്തില്‍ എത്തേണ്ടിയിരുന്ന കടലാമകള്‍ വൈകിയാണ് ഇത്തവണ തീരത്തെത്തിയത്. രണ്ടുദിവസമായി കടലിലെ ഒഴുക്ക് കൂടിയതും കടല്‍ കാറ്റിന് ശക്തി വര്‍ധിച്ചതും കടലേറ്റവും കടലാമകള്‍ എത്തുന്നതിന് അനുകൂലമായി തീര്‍ന്നു. ഈ സാഹചര്യം നിലനിന്നാല്‍ കൂടുതല്‍ കടലാമകള്‍ മുട്ടയിടാന്‍ എത്താന്‍ സാധ്യതയുണ്ടെന്ന് വനവല്‍ക്കരണ വിഭാഗം അറിയിച്ചു. കടലാമ മുട്ടകള്‍ സംരക്ഷിക്കുന്നതിന് തൃശൂര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന് കീഴിലും തൃശൂര്‍ വനം ഡിവിഷന് കീഴിലും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചാവക്കാട് തീരങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 14 സ്ഥലങ്ങളില്‍ കടലാമ മുട്ടകള്‍ കണ്ടെത്തി. 1500 ഓളം കടലാമ മുട്ടകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ വഴി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് മുട്ട വിരിയുന്നതിനാവശ്യമായ അനുകൂലമായ സാഹചര്യം ഒരുക്കി. കടലാമ മുട്ടകള്‍ അനധികൃതമായ ശേഖരിക്കുന്ന സാമൂഹ്യവിരുദ്ധരില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നും മുട്ടകള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക കാവല്‍, സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, ബോധവല്‍ക്കരണം, മുട്ടകള്‍ 45 ദിവസം വരെ സംരക്ഷിക്കുന്നതിനായി കടല്‍ത്തീരങ്ങളില്‍ താല്‍ക്കാലിക ഹാച്ചറി സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തൃശൂര്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി എം പ്രഭു അറിയിച്ചു.

ചാവക്കാട് ഭാഗത്ത് സ്ഥിരം ഹാച്ചറി സംവിധാനം സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കേരള തീരങ്ങളില്‍ ഒലീവ് റെഡ്‌ലി വിഭാഗത്തില്‍പ്പെടുന്ന കടലാമകളാണ് മുട്ടയിടാന്‍ എത്തുന്നത്. കടല്‍ ഭിത്തിയുടെ തടസ്സം മൂലം കേരള തീരങ്ങളില്‍ മുട്ടയിടാനുള്ള കടലാമകളുടെ വരവ് ഗണ്യമായി കുറഞ്ഞുവെന്നും അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഈ വര്‍ഷം മുതല്‍ മുട്ടകളുടെ എണ്ണവും വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങളുടെ ഡാറ്റകളും രേഖപ്പെടുത്തി തയ്യാറാക്കാന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it