Latest News

അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ലൈംഗികോത്തേജന മരുന്നുകൾ പിടിച്ചെടുത്തു

അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ലൈംഗികോത്തേജന മരുന്നുകൾ പിടിച്ചെടുത്തു
X

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഹോസ്പിറ്റൽ റോഡിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യ ഔഷധ ചില്ലറവ്യാപാരസ്ഥാപനത്തിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ലൈംഗികോത്തേജന മരുന്നുകൾ പിടിച്ചെടുത്തു. സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു.

ലൈംഗികോത്തേജനത്തിനായി ഡോക്ടറുടെ കുറിപ്പടിയോടുകൂടിമാത്രം വിൽക്കേണ്ട സിൽഡനാഫിൽ സിട്രേറ്റ് എന്ന ഷെഡ്യൂൾ വിഭാഗത്തിൽപ്പെട്ട മരുന്നാണ് സ്ഥാപനത്തിൽ സൂക്ഷിച്ചത്.

സിൽഡനാഫിൽ സിട്രേറ്റ് അടങ്ങിയ മരുന്നുകളുടെ ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള അശാസ്ത്രീയമായ ഉപയോഗം ഹൃദ്രോഗികളിൽ മരണംവരെ ഉണ്ടാകാൻ സാധ്യതയുള്ളതാണ്. പിടിച്ചെടുത്ത മരുന്നുകളുടെ ശരിയായ പർച്ചേസ്ബില്ലുകൾ ഹാജരാക്കാൻ കടയുടമയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാക്കാത്തതിനാലാണ് സ്ഥാപനമുടമയ്ക്കെതിരേ കേസെടുത്തത്.

150 രൂപ പരമാവധിവില രേഖപ്പെടുത്തിയ മരുന്നുകൾ 15 രൂപയ്ക്കാണ് സ്ഥാപനത്തിൽ എത്തിയിരുന്നതെന്ന് കടയുടമ വെളിപ്പെടുത്തി.

അൻപത്തിമൂവായിരത്തോളം രൂപ വരുന്ന 1424 ടാബ്‌ലറ്റുകൾ പിടിച്ചെടുത്തു.

പിടിച്ചെടുത്ത മരുന്നുകളും അനുബന്ധരേഖകളും പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സുജിത്കുമാറിന്റെ നിർദേശപ്രകാരം മലപ്പുറം ജില്ലാ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഡോ. എം.സി. നിഷിതിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനാസംഘത്തിൽ ജില്ലയിലെ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ ടി.എം. അനസ്, ആർ. അരുൺകുമാർ എന്നിവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it