Latest News

വെന്റിലേറ്ററുകള്‍ കൊവിഡ് രോഗികള്‍ക്ക് ദോഷകരമാണോ? അമേരിക്കന്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ആശങ്ക പെരുകുന്നു

വെന്റിലേറ്ററുകള്‍ കൊവിഡ് രോഗികള്‍ക്ക് ദോഷകരമാണോ? അമേരിക്കന്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ആശങ്ക പെരുകുന്നു
X

ന്യൂയോര്‍ക്ക്: കൊവിഡ് രോഗികള്‍ക്കെന്നല്ല, എല്ലാ ശ്വാസകോശ രോഗികളുടെയും ചികില്‍സയില്‍ മുന്നിലാണ് വെന്റിലേറ്ററുകളുടെ സ്ഥാനം. പലവിധ രോഗങ്ങള്‍ കൊണ്ട് ശ്വാസകോശത്തിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയുകയോ ശ്വാസകോശം ദുര്‍ബലമാവുകയോ ചെയ്താല്‍ കൃത്രിമമായി രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനുള്ള സംവിധാനമാണ് വെന്റിലേറ്ററുകള്‍. എന്നാല്‍ ന്യൂയോര്‍ക്കില്‍ നിന്നു വന്നിരിക്കുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അവിടെ കൊവിഡ് ചികില്‍സയില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിച്ച രോഗികളില്‍ 80 ശതമാനം പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ടുതന്നെ കൊവിഡ് ചികില്‍സയില്‍ വെന്റിലേറ്ററുകള്‍ ഉപയോഗപ്രദമല്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഡോക്ടര്‍മാര്‍. അസോസിയേറ്റഡ് പ്രസ്സ് ആണ് നിര്‍ണായകമായ ഈ വിവരം പുറത്തുവിട്ടത്. അവരില്‍ പലരും തങ്ങളുടെ രോഗികള്‍ക്ക് വെന്റിലേറ്റര്‍ നിര്‍ദേശിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയുമാണ്.

സാധാരണ രോഗം മൂര്‍ച്ഛിച്ചവരിലാണ് അവസാന ആശ്രയമെന്ന നിലയില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കുക. അതുകൊണ്ടുതന്നെ മരണസംഖ്യ ഇത്തരക്കാരില്‍ കൂടുതലായിരിക്കും. എന്നാല്‍ ഇതുമാത്രമല്ലെന്നും വെന്റിലേറ്ററുകള്‍ നല്‍കുന്ന സമ്മര്‍ദ്ദം താങ്ങാന്‍ ശ്വാസകോശത്തിന് കഴിയാത്ത പ്രശ്‌നമുണ്ടെന്നും വെന്റിലേറ്റര്‍ തന്നെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാണെന്നും ഡോക്ടര്‍മാര്‍ കരുതുന്നു. വെന്റിലേറ്ററുകളോടുള്ള ഈ പരാതി ഉയര്‍ന്നിട്ടുള്ളത് അമേരിക്കയില്‍ നിന്നു മാത്രമല്ല, ചൈനയിലും അമേരിക്കയിലും യുകെയിലും ഇതുണ്ടായിട്ടുണ്ട്.

മറ്റ് ശ്വാസകോശരോഗികളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗപ്രദമാണെന്നതില്‍ പക്ഷേ, ഇതേ ഡോക്ടര്‍മാര്‍ക്ക് സംശയമില്ല, കൊവിഡ് രോഗികളുടെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. കൊറോണ വൈറസ് മറ്റു പല രോഗങ്ങളേക്കാള്‍ ശ്വാസകോശത്തെയും അതിലെ കോശങ്ങളെയും ബാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

രോഗം മൂര്‍ച്ഛിച്ചാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ചികില്‍സ തുടരുകയെന്ന രീതിയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചുവരുന്നത്. ചിലര്‍ രോഗിയെ വ്യത്യസ്ത രീതിയില്‍ തിരിച്ചും മറിച്ചും കിടത്തിയും മൂക്കിലൂടെ ഓക്‌സിജന്‍ നല്‍കിയും നൈട്രിക് ഓക്‌സൈഡ് നല്‍കിയും ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

കൊവിഡ് 19 രോഗം വ്യാപകമായതോടെ വെന്റിലേറ്ററുകളുടെ അഭാവം രൂക്ഷമായ സാഹചര്യത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it