Latest News

ഡല്‍ഹിക്ക് പുതിയ മന്ത്രിമാര്‍; അതിഷിക്ക് വിദ്യാഭ്യാസം, സൗരഭ് ഭരദ്വാജിന് ആരോഗ്യം

ഡല്‍ഹിക്ക് പുതിയ മന്ത്രിമാര്‍; അതിഷിക്ക് വിദ്യാഭ്യാസം, സൗരഭ് ഭരദ്വാജിന് ആരോഗ്യം
X

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പുതിയ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി. എഎപി വക്താവായിരുന്ന സൗരഭ് ഭരദ്വാജ് ആരോഗ്യമന്ത്രിയായും ചുമതലയേറ്റു. അഴിമതി കേസുകളില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവച്ച ഒഴിവിലാണ് അതിഷിയും സൗരഭ് ഭരദ്വാജും മന്ത്രിസഭയിലേക്ക് എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രതിപക്ഷ നേതാവ് രാംവീര്‍ സിങ് ബിദൂറും ചടങ്ങില്‍ പങ്കെടുത്തു. സിസോദിയ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ലഭിച്ചേക്കില്ല.

പൊതുമരാമത്ത്, വൈദ്യുതി, ടൂറിസം എന്നീ വകുപ്പുകളും അതിഷി കൈകാര്യം ചെയ്യും. ആരോഗ്യത്തിന് പുറമെ ജലവിതരണം, വ്യവസായം എന്നിവയും ഭരദ്വാജിന് നല്‍കിയിട്ടുണ്ട്. രാമനുവേണ്ടി ഭരതന്‍ നാട് ഭരിച്ചതുപോലെ സിസോദിയയും സത്യേന്ദര്‍ ജെയിനും തിരിച്ചുവരുന്നതുവരെ അവരുടെ വകുപ്പുകള്‍ തങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് അതിഷി പറഞ്ഞു. സൗരഭ് ഭരദ്വാജ് ഡല്‍ഹി ജലവിതരണ വകുപ്പിന്റെ വൈസ് ചെയര്‍മാനായിരുന്നു. 2013-14 കാലയളവില്‍ എഎപി മന്ത്രിസഭയിലെ അംഗമായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമായ അതിഷി, കല്‍ക്കാജി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ്. 2015-2017 കാലത്ത് സിസോദിയയുടെ വിദ്യാഭ്യാസ ഉപദേശകയായും അതിഷി പ്രവര്‍ത്തിച്ചിട്ടുണ്ട്. മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സിസോദിയ രാജിവച്ചത്. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it