Latest News

എസ്എടിയില്‍ കുട്ടികള്‍ക്ക് പുതിയ തീവ്രപരിചരണ വിഭാഗം; നാളെ ഉദ്ഘാടനം

എസ്എടിയില്‍ കുട്ടികള്‍ക്ക് പുതിയ തീവ്രപരിചരണ വിഭാഗം; നാളെ ഉദ്ഘാടനം
X

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്എടി. ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചരണത്തിനായി സജ്ജമാക്കിയ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 24 ഐസിയു കിടക്കകളും 8 ഹൈഡെപ്പന്റന്‍സി യൂനിറ്റ് കിടക്കകളും ഉള്‍പ്പെടെ ആകെ 32 ഐസിയു കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 10 വെന്റിലേറ്ററുകള്‍, 6 നോണ്‍ ഇന്‍വേസീവ് ബൈപാസ് വെന്റിലേറ്ററുകള്‍, 2 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, 3 ഡിഫിബ്രിലേറ്ററുകള്‍, 12 മള്‍ട്ടിപാര മോണിറ്ററുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് ഈ ഐസിയു സംവിധാനം.

എസ്എടി ആശുപത്രിയിലെ പുതിയ പീഡിയാട്രിക് ഐസിയു കുട്ടികളുടെ തീവ്രപരിചരണത്തില്‍ വളരെയേറെ സഹായിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോട് കൂടിയ പീഡിയാട്രിക് ഐസിയുവാണുള്ളത്. ഇതുകൂടാതെയാണ് പുതുതായി 32 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു സജ്ജമായത്. ഇതോടെ 50 പീഡിയാട്രിക് ഐസിയു കിടക്കകളാണ് എസ്.എ.ടി. ആശുപത്രിയ്ക്ക് സ്വന്തമാകുന്നത്. ഇതുകൂടാതെ നവജാതശിശു വിഭാഗത്തില്‍ 54 ഐസിയു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷര്‍ സംവിധാനവും പുതിയ ഐസിയുവിലുണ്ട്. കോവിഡ് പോലെയുള്ള വായുവില്‍ കൂടി പകരുന്ന പകര്‍ച്ചവ്യാധികള്‍ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തില്‍ നെഗറ്റീവ് പ്രഷര്‍ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീപരിചരണത്തില്‍ ഏറെ സഹായിക്കും. ഈ ഐസിയുവില്‍ ഇന്റന്‍സീവ് റെസ്പിറേറ്ററി കെയറിനായിരിക്കും മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയാണ് എസ്എടി ആശുപത്രി. പ്രതിദിനം ആയിരത്തിലധികം രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നു. പ്രതിവര്‍ഷം പതിനായിരത്തില്‍പരം കുഞ്ഞുങ്ങളാണ് ഇവിടെ ജനിക്കുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും വിദഗ്ധ ചികിത്സയ്ക്കായ് എത്തുന്ന പ്രധാന ആശുപത്രി കൂടിയാണ് എസ്എടി.

Next Story

RELATED STORIES

Share it