Latest News

സര്‍ക്കാരിന് കുരുക്ക് മുറുകുന്നു: പൗരത്വ ഭേദഗതി ബില്ല് തങ്ങളുടെ രക്ഷക്കെത്തില്ലെന്ന് പൗരത്വപട്ടികയില്‍ നിന്ന് പുറത്തായ അസം ഹിന്ദുക്കള്‍

പൗരത്വം നഷ്ടപ്പെട്ട 19 ലക്ഷം പേരില്‍ അഞ്ച് ലക്ഷം പേര്‍ക്ക് പുതിയ നിയമം ഗുണം ചെയ്യുമെന്ന് അസമിലെ ആഭ്യന്തര മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ വാദിച്ചിരുന്നു.

സര്‍ക്കാരിന് കുരുക്ക് മുറുകുന്നു: പൗരത്വ ഭേദഗതി ബില്ല് തങ്ങളുടെ രക്ഷക്കെത്തില്ലെന്ന് പൗരത്വപട്ടികയില്‍ നിന്ന് പുറത്തായ അസം ഹിന്ദുക്കള്‍
X

ഗുവാഹത്തി: രാജ്യസഭയില്‍ കഴിഞ്ഞ ദിവസം പാസ്സായ പൗരത്വ ഭേദഗതി ബില്ല് തങ്ങളുടെ നഷ്ടപ്പെട്ട പൗരത്വം തിരികെത്തരാന്‍ ഉപകരിക്കില്ലെന്ന് അസമിലെ പൗരത്വം നഷ്ടപ്പെട്ട ഹിന്ദുക്കള്‍ കരുതുന്നതായി പുതിയ റിപോര്‍ട്ട്. പൗരത്വ ഭേദഗതി ബില്ല്, ദേശീയ പൗരത്വ രജിസ്റ്ററിലൂടെ പൗരത്വത്തില്‍ നിന്ന് പുറത്തായവര്‍ക്ക് ഉപകാരപ്പെടുമെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. തിടുക്കപ്പെട്ട് ബില്ല് പാസ്സാക്കിയെടുത്തതിനു കാരണവും അതാണ്.

പൗരത്വം നഷ്ടപ്പെട്ട 19 ലക്ഷം പേരില്‍ അഞ്ച് ലക്ഷം പേര്‍ക്ക് പുതിയ നിയമം ഗുണം ചെയ്യുമെന്ന് അസമിലെ ഏറ്റവും ശക്തനായ മന്ത്രിമാരിലൊരാളായ ആഭ്യന്തര മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ വാദിച്ചിരുന്നു. അദ്ദേഹത്തിന്റെ കണക്കു പ്രകാരം അഞ്ച് ലക്ഷം പേര്‍ക്ക് പുതിയ ബില്ല് വഴി പൗരത്വം തിരികെ ലഭിക്കും.

എന്നാല്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ ഹിന്ദുക്കള്‍ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. സാങ്കേതിക നൂലാമാലകളില്‍ പെട്ടാണ് പലരും പട്ടികയില്‍ നിന്ന് പുറത്തുപോയത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ബില്ലിനെക്കാള്‍ സ്വന്തം രേഖകളിലാണ് അവര്‍ക്ക് വിശ്വാസം. പട്ടികയില്‍നിന്ന് പുറത്തുപോയവരില്‍ ഭൂരിഭാഗവും കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന ഇന്ത്യക്കാരാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ തങ്ങള്‍ വിദേശികളാണെന്നും മതപീഡനത്തെ തുടര്‍ന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് ഓടിപ്പോന്നവരാണെന്നും അംഗീകരിക്കണം. അതായത് വിദേശിയാണെന്ന് എഴുതിക്കൊടുക്കണം. അത് സത്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം. പൗരത്വം നിബന്ധനകളോടെ മാത്രം ലഭിക്കുകയുള്ളു എന്നതാണ് അര്‍ത്ഥം. പുതിയ ബില്ലനുസരിച്ച് പൗരത്വം നേടണമെങ്കില്‍ സങ്കീര്‍ണമായ ഉദ്യോഗസ്ഥ ഇടപെടല്‍ ആവശ്യമായി വരും. പൗരത്വ പട്ടികയില്‍ നിന്ന് പലരും പുറത്തായതു പോലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലമാണ്. തങ്ങളുടെ വിധി തീരുമാനിക്കാനുള്ള അവകാശം വീണ്ടും ഉദ്യോഗസ്ഥര്‍ക്ക് വച്ചു നീട്ടാന്‍ പലരും ആഗ്രഹിക്കുന്നില്ല.

Next Story

RELATED STORIES

Share it