Latest News

മാണി സി കാപ്പന്‍ പക്ഷത്തിന്റെ പുതിയ പാര്‍ട്ടി ഉടന്‍; കേരള എന്‍സിപി, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്നീ പേരുകള്‍ പരിഗണനയില്‍

മാണി സി കാപ്പന്‍ മൂന്ന് സീറ്റ് ആവശ്യപ്പെടും; രണ്ടെണ്ണം കിട്ടിയേക്കും

മാണി സി കാപ്പന്‍ പക്ഷത്തിന്റെ പുതിയ പാര്‍ട്ടി ഉടന്‍; കേരള എന്‍സിപി, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്നീ പേരുകള്‍ പരിഗണനയില്‍
X

തിരുവനന്തപുരം: എന്‍സിപി മാണി സി കാപ്പന്‍ പക്ഷത്തിന്റെ പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിച്ചേക്കും. കേരള എന്‍സിപിയോ, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്നോ ആകും പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി പേര് സംബന്ധിച്ചുള്ള അന്തിമ ചര്‍ച്ചയിലാണ് കാപ്പന്‍ പക്ഷം. പുതിയ പാര്‍ട്ടിയുടെ ഭരണഘടന,കൊടി,രജിസ്‌ട്രേഷന്‍ എന്നിവയെക്കുറിച്ച് തീരുമാനിക്കാന്‍ മാണി സി കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗം കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇടതു സര്‍ക്കാരില്‍ നിന്ന് ലഭിച്ച കോര്‍പറേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കാപ്പന്‍ പക്ഷക്കാര്‍ രാജി വെയ്ക്കും. ഇതു സംബന്ധിച്ച് പാലായില്‍ നടന്ന യോഗത്തില്‍ കാപ്പന് പുറമെ സലിം പി മാത്യൂ, സുല്‍ഫിക്കര്‍ മയൂരി, അഡ്വ. ബാബു കാര്‍ത്തികേയന്‍, ബാബു തോമസ്, കടകംപള്ളി സുകു, സാജു എം ഫിലിപ്പ്, ഷൈനി കൊ്ച്ചു ദേവസ്സി, പി എച്ച് ഫൈസല്‍, എം ബലരാമന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യുഡിഎഫിലെത്തിയ മാണി സി കാപ്പന്‍ മൂന്ന് സീറ്റ് ആവിശ്യപ്പെട്ടെങ്കിലും രണ്ടെണ്ണം അനുവദിച്ചേക്കുമെന്ന് സൂചന. എന്‍സിപി വിട്ട മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാവും. ധാരണപ്രകാരം നിലവില്‍ മാണി സി കാപ്പന്‍ മല്‍സരിച്ച് ജയിച്ച പാല, ഇപ്പോള്‍ കാപ്പനൊപ്പമുള്ള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരി മല്‍സരിക്കാന്‍ ലക്ഷ്യമിടുന്ന കായകുളം, നേരത്തെ എന്‍സിപിയുടെ തോമസ് ചാണ്ടി മല്‍സരിച്ച കുട്ടനാട് എന്നീ മണ്ഡലങ്ങളാണ് കാപ്പന്‍ പക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ കുട്ടനാടിന് പകരം മലബാര്‍ മേഖലയില്‍ ഏതെങ്കിലുമൊരു സീറ്റ് എന്ന നിലയിലും ചര്‍ച്ചയുണ്ട്. എന്നാല്‍ ഇപ്പോള്‍ കാപ്പന്‍ പക്ഷത്തിനായി ഉറപ്പിച്ച് പറയാന്‍ കഴിയുന്ന സീറ്റ് പാല മാത്രമാണ്.

മലബാറിലെ മൂന്ന് ജില്ലാ കമ്മിറ്റികള്‍, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാകമ്മിറ്റികള്‍ എന്നിവര്‍ കാപ്പന്‍ പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്.

മധ്യകേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക പാരമ്പര്യമുള്ള കുടുംബമാണ് കാപ്പന്റേത്. സ്വാതന്ത്ര്യ സമര സേനാനിയും മൂവാറ്റുപുഴ എം പിയുമായിരുന്ന ചെറിയാന്‍ ജെ കാപ്പന്റെ മകനാണ് കാപ്പന്‍. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറിയിരുന്ന കെ എം മാണിയെ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവന്നതും കാപ്പന്റെ പിതാവ്. കാപ്പന്‍ കുടുംബത്തിന്റെ തന്നെ ഈ രാഷ്ട്രീയ പാരമ്പര്യവും പി ജെ ജോസഫ് വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഒപ്പം ജോസ് കെ മാണി വിരുദ്ധരുടെ പിന്തുണയും അനുകൂലമായി വരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

ഇന്ന് പാലായില്‍ നടന്ന എന്‍സിപി പ്രകടനത്തില്‍ പാലാക്കാരായ മൂന്നുപേരും കോട്ടയം കാരായ 13 പേരുമാണുണ്ടായിരുന്നതെന്നും ഇവര്‍ എന്‍സിപിക്കാര്‍ പോലുമല്ലെന്നും കാപ്പന്‍ പറയുന്നു. ഇടതുമുന്നണിയില്‍ പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കാന്‍ ധാരണയായതു മുതല്‍ മാണി സി കാപ്പന്‍ യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പക്ഷേ, കേന്ദ്രത്തില്‍ ശരദ് പവാറുമായി ഒരു മുന്നണിയ്ക്ക് ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്. ആ മുന്നണി നേതാവും ശരദ്പവാറാണ്. അത് കൊണ്ട് ഇടതു മുന്നണി വിട്ടു പോകുന്നതിനോട് എന്‍സിപി കേന്ദ്രനേതൃത്വത്തിന് താല്‍പര്യമില്ലായിരുന്നു. ഇതു തുടക്കം മുതല്‍ തന്നെ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നു. കാപ്പന്‍ വിഷയം പരമാവധി നീട്ടിക്കൊണ്ടുപോവാന്‍ യഥാര്‍ഥത്തില്‍ എല്‍ഡിഎഫും പത്യേകിച്ച് സിപിഎം ശ്രമിച്ചിരുന്നത്. ഇത് തിരിച്ചറിഞ്ഞാണ് മാണി സി കാപ്പന്‍ രാഷ്ട്രീയ നീക്കം നടത്തിയത്.

Next Story

RELATED STORIES

Share it