Latest News

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി തള്ളണമെന്ന് പോലിസ് റിപ്പോര്‍ട്ട്

ഈ മാസം അഞ്ചിനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയത്

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി തള്ളണമെന്ന് പോലിസ് റിപ്പോര്‍ട്ട്
X

കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പോലിസ് റിപ്പോര്‍ട്ട് നല്‍കി. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസിന്റെ അന്വേഷണ പരിധിയിലെ മുഴുവന്‍ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച് അന്വേഷണം നടത്തുകയും കേസിലെ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതുമാണ്. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളുകയും അന്വേഷണം ശരിയായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടതുമാണ്. ഇതിനാല്‍ നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കാത്ത ഹര്‍ജി തള്ളിക്കളയണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടരന്വേഷണം വേണമെന്ന ആവശ്യത്തെ പ്രതി പി.പി. ദിവ്യയുടെ അഭിഭാഷകന്‍ കെ. വിശ്വനും എതിര്‍ത്തു. എല്ലാ തെളിവുകളും പോലിസ് ശേഖരിച്ചതാണെന്നും, തുടരന്വേഷണമെന്ന ആവശ്യത്തിനായി ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും. കേസ് നീട്ടി കൊണ്ടു പോകാന്‍ വേണ്ടി നല്‍കിയ ഹര്‍ജിയാണിതെന്നും വിശ്വന്‍ പറഞ്ഞു.

2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യയാണ് കേസിലെ ഏക പ്രതി. മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിരുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഈ മാസം അഞ്ചിനാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്വേഷണം ശരിയായ രീതിയില്‍ നടത്തിയില്ലെന്നും നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലുമാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീര്‍ത്തുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് പരിഗണിക്കുന്നത് 23ലേക്കു മാറ്റി.

Next Story

RELATED STORIES

Share it