Latest News

നാദാപുരം ഖാസി മേനക്കോത്ത് അഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു

നാദാപുരം ഖാസി മേനക്കോത്ത് അഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു
X

കോഴിക്കോട്: നാദാപുരം ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവി അന്തരിച്ചു.

ജംഇയ്യത്തുല്‍ ഉലമ ജില്ലാ ട്രഷറര്‍, കേരള സുന്നീ ജമാഅത്ത് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, എസ് വൈ എഫ് കേന്ദ്ര സമിതി അംഗം, ജാമിഅ: ഫലാഹിയ്യ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, അരൂര്‍ ദാറുല്‍ ഖൈര്‍, മഞ്ചേരി ദാറുസ്സുന്ന ഇസ്‌ലാമിക കേന്ദ്രം, നാദാപുരം ശംസുല്‍ ഉലമാ കീഴന ഓര്‍ സ്മാരകകേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗം, പുളിക്കൂല്‍ തന്‍വീറുല്‍ ഈമാന്‍ മദ്രസ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിക്കുന്നു. നിരവധി മദ്രസ കമ്മിറ്റികളുടെ ഉപദേശകസമിതി അംഗമാണ്. 40 വര്‍ഷമായി നാദാപുരം ഖാസിയായി സേവനമനുഷ്ഠിക്കുന്നു.

നാദാപുരം എം വൈ എം യത്തീംഖാന, ടി ഐ എം കമ്മിറ്റി, ഐഡിയല്‍ ഇസ്‌ലാമിക് സൊസൈറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകര താലൂക്ക് ജംഇയ്യത്തുല്‍ ഖുളാത്തിന്റെ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശംസുല്‍ ഉലമാ കീഴന ഓര്‍, മൗലാനാ കാടങ്കൂല്‍ കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, കണാരണ്ടി അമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഗുരുവര്യര്‍.

റൈഹാനത്ത്, ഹഫ്‌സത്ത്, പരേതനായ മുഹമ്മദ് ഖൈസ് മക്കളാണ്. അലി ദാരിമി വെള്ളമുണ്ട, നാസര്‍ ഇയ്യാങ്കുടി, താഹിറ കുമ്മങ്കോട് ജാമാതാക്കളാണ്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി, സെക്രട്ടറി ചേലക്കാട് കെ കെ കുഞ്ഞാലി മുസ്ലിയാര്‍, എസ് വൈഎഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ കൊടക്കല്‍ കോയക്കുഞ്ഞി തങ്ങള്‍, സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുള്ള, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it