Latest News

നബീസ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

നബീസ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം
X

മണ്ണാര്‍ക്കാട്: കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷംനല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. നബീസയുടെ മകളുടെ മകന്‍ തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (45), ഭാര്യ ഫസീല (36) എന്നിവരാണു പ്രതികള്‍. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി യുടേതാണ് വിധി. പ്രതികള്‍ രണ്ടു ലക്ഷം രുപ പിഴയുമൊടുക്കണം.

2016 ജൂണ്‍ 23-നാണു നബീസ കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് നൊട്ടമലയിലെ ബന്ധുവീട്ടിലെത്തിയ നബീസയെ ബഷീറും ഫസീലയും ചേര്‍ന്ന്, ഇവര്‍ വാടകയ്ക്കു താമസിക്കുന്ന മണ്ണാര്‍ക്കാട് നമ്പിയാംകുന്നിലെ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കുകയും ചെയ്തതായും കേസില്‍ പറയുന്നു. പിറ്റേദിവസം പുലര്‍ച്ചെ മൃതദേഹം ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹത്തിനുസമീപമുള്ള ബാഗില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. നബീസയ്ക്ക് എഴുതാന്‍ അറിയില്ലെന്നു ബന്ധുക്കളും നാട്ടുകാരും പോലിസിനെ അറിയിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

ഫസീലയുടെ പേരില്‍ വേറേയും കേസുകള്‍ ഉണ്ട്. ഭര്‍ത്തൃപിതാവ് മുഹമ്മദിന് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഫസീലയ്ക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം എറണാകുളത്തെ വ്യാപാരസ്ഥാപനത്തില്‍വെച്ച് വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തിലും ഫസീലയുടെ പേരില്‍ കേസുണ്ട്.

Next Story

RELATED STORIES

Share it