Latest News

ഒരു സിഗരറ്റ് പാക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ജയിലിലടച്ച മുസ് ലിം യുവാവ് ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; കൊലപാതകമെന്ന് കുടുംബം

ഒരു സിഗരറ്റ് പാക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ജയിലിലടച്ച മുസ് ലിം യുവാവ് ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; കൊലപാതകമെന്ന് കുടുംബം
X

ന്യൂഡല്‍ഹി; ഒരു സിഗരറ്റ് പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് തിഹാല്‍ ജയിലിലടച്ച മുസ് ലിം യുവാവ് ദുരൂഹ സാഹചര്യത്തില്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. സീഷാന്‍ മാലിക് എന്ന 18 വയസ്സുകാരനാണ് ഫെബ്രുവരി 14ന് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ വച്ച് മരിച്ചത്. 2021 നവംബര്‍ മുതല്‍ സീഷാന്‍ തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

ദീന്‍ ദയാല്‍ ആശുപത്രിയില്‍ കിടക്കുന്ന സീഷാന് കുടുംബത്തെ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചത് ഹരിനഗര്‍ പോലിസ് സ്‌റ്റേഷനിലെ നീരജ് കുമാര്‍ എന്ന എഎസ്‌ഐ ആണ്. കുടുംബം വേഗത്തില്‍ തന്നെ ആശുപത്രിയിലെത്തിയെങ്കിലും സീഷാന്‍ മരിച്ചുവെന്നായിരുന്നു പോലിസുകാരുടെ മറുപടി.

ന്യൂഡല്‍ഹി പ്രീത് വിഹാറില്‍ ഒരു ചേരിപ്രദേശത്താണ് സീഷാന്റെ കുടുംബം താമസിക്കുന്നത്. ജോലി ഒരു കാര്‍ വര്‍ക് ഷോപ്പിലും. ഒരു സിഗരറ്റ് പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് നവംബര്‍ 20, 2021നാണ് 18 വയസ്സ് മാത്രമുള്ള യുവാവിനെ ജയിലിലടച്ചത്.

സീഷാന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മാലിക്ക് ഒരു റിക്ഷാതൊഴിലാളിയാണ്. ഫെബ്രുവരി 10ന് ഒരു പോലിസുകാരന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി സീഷാന്‍ ആശുപത്രിയിലാണെന്നു പറഞ്ഞു. സീഷാന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആവശ്യപ്പെട്ടു. ജാമ്യത്തിന് വക്കീലിനെ ഏര്‍പ്പാടാക്കാനും പറഞ്ഞു. കുടുംബത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് പോലിസുകാരന്‍ ആവശ്യപ്പെട്ടു. കുടുംബം വിവരങ്ങള്‍ കൈമാറി. ഒരു പേപ്പറില്‍ ഒപ്പിട്ടുകൊടുക്കാനുള്ള പോലിസുകാരുടെ ആവശ്യം തള്ളി.

നാല് ദിവസത്തിനുശേഷം ഫെബ്രുവരി 14ന് സീഷാന്‍ മരിച്ചതായി പോലിസ് അറിയിച്ചു. നാല് ദിവസത്തിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കുടുംബത്തിന് വ്യക്തതയില്ല.

തലയിലെ ഞെരമ്പ് പൊട്ടി മരിച്ചെന്നാണ് പോലിസ് പറയുന്നത്. തലയില്‍ വലിയ വേദനയുള്ളതായി അവന്‍ പരാതി പറഞ്ഞിരുന്നുവത്രെ.

സീഷാന്റെ മൃതദേഹത്തില്‍ വലിയ പാടുകളും കണ്ണിനുചുറ്റും രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. മുഖം നോക്കി തിരിച്ചറിയാന്‍ കഴിയാത്തവണ്ണം ഛായ മാറിയിരുന്നു. കൈവിരലിലെ ചില പ്രത്യേകതകളില്‍നിന്നാണ് മകനെ പിതാവ് തിരിച്ചറിഞ്ഞത്.

മരിച്ച ദിവസം കുടുംബം ആശുപത്രിയില്‍ കാത്തിരുന്നിട്ടും മൃതദേഹം ലഭിച്ചില്ല. ഡോക്ടര്‍മാരില്ലെന്നാണ് പോലിസ് പറഞ്ഞത്. പിന്നീട് മൂന്ന് ദിവസം ഇതേ കാര്യം ആവര്‍ത്തിച്ചു. ഫെബ്രുവരി 17നാണ് മൃതദേഹം ലഭിച്ചത്.

അപ്പോഴേക്കും മൃതദേഹം ജീര്‍ണിച്ചുതുടങ്ങിയിരുന്നു. പോലിസ് പറയുന്നതിനും ദിവസങ്ങള്‍ക്കു മുമ്പ് സീഷാന്‍ മരിച്ചിരിക്കുമെന്നാണ് കുടുംബം പറയുന്നത്.

മൃതദേഹം കൈമാറിയപ്പോള്‍ ആശുപത്രിക്കാര്‍ റസീപ്റ്റ് നല്‍കിയെങ്കിലും അതില്‍ മരിച്ചയാളുടെ പേരോ പിതാവിന്റെ പേരോ ഉണ്ടായിരുന്നില്ല.

നവംബര്‍ 17ന് കുടുംബവും അയല്‍ക്കാരും ചില പ്രതിഷേധങ്ങള്‍ നടത്തി. അതിനു ശേഷം കുടുംബവുമായി സഹകരിക്കാമെന്ന് പോലിസ് സമ്മതിച്ചു. മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാമെന്നും പറഞ്ഞു. പക്ഷേ, ലഭിച്ചില്ല.

ലോക് ഡൗണിനു മുമ്പ് ജയിലിലെത്തി മാതാവ് സീഷാനെ കണ്ടിരുന്നു. കുറച്ച് പണവും നല്‍കി. ആ സമയത്തൊന്നും മകന് ഒരു കുഴപ്പവും കണ്ടില്ലെന്ന് മാതാവ് ഷോന പറയുന്നു.

സീഷാനെ ജാമ്യത്തിലെടുക്കാന്‍ ആവശ്യപ്പെട്ട് ഒരു പോലിസുകാരന്‍ വീട്ടിലെത്തി നാല് ദിവസത്തിനുളളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞതെങ്ങനെയെന്നാണ് കുടുംബം ചോദിക്കുന്നത്.

പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ഇതുവരെയും കുടുംബത്തിന് ലഭിച്ചിട്ടില്ല.

മൃതദേഹത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു. അസുഖം മൂലമല്ല, സീഷാന്‍ മരിച്ചതെന്നാണ് കുടുംബം കരുതുന്നത്. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ ജയിലിലടക്കണമെന്ന് പിതാവ് യാക്കൂബ് പറയുന്നു.

Next Story

RELATED STORIES

Share it