Latest News

അവകാശങ്ങള്‍ ആര്‍ക്കും തീറെഴുതി നല്‍കില്ല: സാദിഖലി തങ്ങള്‍; മുസ്‌ലിം ലീഗ് ദേശ രക്ഷാ മതിലില്‍ കണ്ണി ചേര്‍ന്ന് ആയിരങ്ങള്‍

മത മൈത്രി തകര്‍ത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ മതേതര ജനത അനുവദിക്കില്ല. സ്വതന്ത്ര്യ ഭാരതത്തിലെ സര്‍വ മതങ്ങളും അണി നിരന്ന ആദ്യ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. വിജയം കാണുംവരെ വര്‍ധിത വീര്യത്തോടെ നിലകൊള്ളുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അവകാശങ്ങള്‍ ആര്‍ക്കും തീറെഴുതി നല്‍കില്ല: സാദിഖലി തങ്ങള്‍; മുസ്‌ലിം ലീഗ് ദേശ രക്ഷാ മതിലില്‍ കണ്ണി ചേര്‍ന്ന് ആയിരങ്ങള്‍
X

പെരിന്തല്‍മണ്ണ: പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശമടക്കം ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ആര്‍ക്കും തീറെഴുതി നല്‍കില്ലെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കേന്ദ്ര പൗരത്വ ബില്ലിനെതിരേ ജില്ലാ മുസ്ലിം കമ്മിറ്റി സംഘടിപ്പിച്ച ദേശ രക്ഷാ മതിലിന്റെ ഭാഗമായി നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം മുമ്പെങ്ങും എത്തിപ്പെടാത്ത രീതിയിലുള്ള ആശങ്കയിലാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇവിടെ പിറന്നവര്‍ ഇവിടെ തന്നെ മരിക്കുമെന്ന പ്രഖ്യാപനമാണ് ദേശ രക്ഷാ മതില്‍ നല്‍കുന്നത്. സര്‍വ മത മൈത്രിയിലൂടെ ഭരണഘടനാ വിരുദ്ധ നിയമം പരാജയപ്പെടുത്തും. മത മൈത്രി തകര്‍ത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ മതേതര ജനത അനുവദിക്കില്ല. സ്വതന്ത്ര്യ ഭാരതത്തിലെ സര്‍വ മതങ്ങളും അണി നിരന്ന ആദ്യ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. വിജയം കാണുംവരെ വര്‍ധിത വീര്യത്തോടെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര പോരാട്ടത്തിലൂടെ മത മൈത്രിയുടെ മാതൃക കാണിച്ച എന്‍ പി നാരായണ മേനോന്റെയും കട്ടിലശ്ശേരി മുഹമ്മദ് മുസ്്‌ലിയാരുടെയും നാടായ അങ്ങാടിപ്പുറത്ത് നിന്ന് തുടങ്ങി പാശ്ചാത്യ പടയോട്ടത്തോട് വീറുറ്റ പോരാട്ടം നടത്തിയ മമ്പുറം തങ്ങളുടെ അന്ത്യ വിശ്രമ ദേശത്ത് അവസാനിക്കുന്ന 42 കിലോമീറ്റര്‍ ദൂരമാണ് ദേശ രക്ഷാ മതില്‍ തീര്‍ത്തത്.

സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ അണിനിരന്ന ദേശ രക്ഷാ മതിലില്‍ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ കണ്ണിയായി. സംസ്ഥാന മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രണ്ടാമതും ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് മൂന്നാമതും കണ്ണിചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍്ഗ്രസ് ഉള്‍പെടെ വിവിധ സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ചു.

പ്രതിഷേധ സംഗമത്തില്‍ മുസ്്‌ലിംലീഗ് ജില്ലാ ഉപാധ്യക്ഷന്‍ അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. ടി എ അഹമ്മദ് കബീര്‍ എംഎല്‍എ, വി വി പ്രകാശ്, നാലകത്ത് സൂപ്പി, ഇസ്ഹാഖ് കുരിക്കള്‍, അഹമ്മദ് ബാഖഫി തങ്ങള്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, വി കെ എം ഷാഫി, ഫൈസല്‍ ബാഖഫി തങ്ങള്‍, അമീര്‍ പാതാരി, ഖാദര്‍ അങ്ങാടിപ്പുറം, ഷമീര്‍ ഇടിയാട്ടില്‍, ഹാഷിം ഹദ്ധാദ് തങ്ങള്‍, ഹാരിസ് കളത്തില്‍, അഡ്വ. വി എം അഷ്‌റഫ്, അസ്ഹര്‍ പെരുമുക്ക് സംസാരിച്ചു.

തിരൂര്‍ക്കാട് നടന്ന പ്രതിഷേധ സംഗമം അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്്‌ലിംലീഗ് സെക്രട്ടറി ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ഗണേഷ് വടേരി, മുജീബ് കാടേരി, അഡ്വ. പി.വി മനാഫ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സുഹറ മമ്പാട്, സമദ് മങ്കട, കുന്നത് മുഹമ്മദ്, അഡ്വ. കുഞ്ഞാലി സംസാരിച്ചു.

Next Story

RELATED STORIES

Share it