Latest News

ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: എഫ്‌ഐആറില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു

ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: എഫ്‌ഐആറില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച ഹിന്ദുത്വ സമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തുകയും മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തതായി ഹരിദ്വാര്‍ എസ്പി ശേഖര്‍ സുയല്‍ പറഞ്ഞു. ധര്‍മ് ദാസ്, അന്നപൂര്‍ണ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതില്‍ അന്നപൂര്‍ണ ഒരു സ്ത്രീയാണ്.

നേരത്തെ ഈ കേസില്‍ വസീം റിസ്‌വിയെയും ജിതേന്ദ്ര ത്യാഗിയെയും മാത്രമാണ് പ്രതി ചേര്‍ത്തിരുന്നത്. ഐപിസി 153എ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.

അതിനിടയില്‍ പരിപാടിയിലെ പ്രസ്താവനകളെ ന്യായീകരിച്ച് ഹിന്ദുത്വര്‍ രംഗത്തുവന്നു. 'ഞങ്ങളുടെ പ്രസ്താവനകളില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. ഒരാള്‍ സഹോദരിയെ ബലാല്‍സംഗം ചെയ്താല്‍ നങ്ങളവനെ കൊല്ലില്ലേ? നമ്മുടെ സുഹൃത്തുക്കളായ സാധാരണ മുസ് ലിംകളെയല്ല, അത്തരം ആളുകളെ കൊല്ലുന്നതിനെക്കുറിച്ചാണ് പ്രസംഗകര്‍ സംസാരിച്ചത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്നത് ആര്‍ക്കും തടയാനാവില്ല'- പരിപാടിയില്‍ പങ്കെടുത്ത ആനന്ദ് സ്വരൂപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ യുഎപിഎ ചുമത്താനാവില്ലെന്ന് പോലിസ് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു. അക്രമത്തിനോ കൊലപാതകത്തിനോ വഴിയൊരുക്കാത്തതിനാല്‍ യുഎപിഎ ചുമത്തി കേസെടുക്കാനാവില്ലെന്നാണ് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞത്.

ചെറിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന ആരോപണം ഡിജിപി നിഷേധിച്ചു. ഐപിസി സെക്ഷന്‍ 153 എ (മതത്തിന്റെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരം അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. എഫ്‌ഐആറില്‍ ഐപിസി 153 എ സെക്ഷന്‍ (1) ഉം (2) ഉം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ യതി നരസിംഹാനന്ദ് ഹിന്ദു യുവാക്കളോട് 'പ്രഭാകരന്‍' ആയും 'ഭിന്ദ്രന്‍വാലെ' ആയും മാറാന്‍ ആഹ്വാനം ചെയ്യുകയും മുസ്‌ലിംകള്‍ക്കെതിരേ ആയുധമെടുക്കാന്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ മാതൃകയില്‍ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തില്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it