Latest News

മുംബൈ ക്രൂയിസ് റെയ്ഡ്; ഗുജറാത്ത് ലഹരിവേട്ടയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

മുംബൈ ക്രൂയിസ് റെയ്ഡ്; ഗുജറാത്ത് ലഹരിവേട്ടയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്
X

പനജി: നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ക്രൂയിസ് കപ്പല്‍ റെയ്ഡ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ ലഹരിവേട്ടയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ്. അദാനിയുടെ അധീനതയിലുള്ള തുറമുഖത്തെ ലഹരിവേട്ടയെക്കുറിച്ച് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആഗോളവിപണിയില്‍ 21,000 കോടി രൂപ വിലമതിക്കുന്ന 2,988.21 കിലോഗ്രാം ഹെറോയിനാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്തുനിന്ന് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ അടക്കം എട്ട് പേരെ ഞായറാഴ്ചയാണ് ഗോവയിലേക്ക് പോകുന്ന ആഢംബര കപ്പലില്‍ നിന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

''ബോളിവുഡ് താരത്തിന്റെ മകന്‍ ലഹരിക്കേസില്‍ അറസ്റ്റിലായ സംഭവം കേട്ടിരുന്നു. എവിടെനിന്നാണ് ഈ ലഹരി വരുന്നത്? എന്‍സിബി രംഗത്തുവരികയും പെട്ടെന്ന് പറയുകയാണ് തങ്ങള്‍ ക്രൂയിസ് കപ്പലില്‍ നിന്ന് ലഹരിയുമായി ബോളിവുഡ് താരത്തിന്റെ മകനെ അറസ്റ്റ് ചെയ്‌തെന്ന്''- കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് പറഞ്ഞു.

''സര്‍ക്കാര്‍ ശരിയായ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. മുന്ദ്രയിലെ സംഭവമാണ് പ്രധാന പ്രശ്‌നം. അഫ്ഗാനിസ്താനില്‍ നിന്ന് ലഹരി മാഫിയ ലഹരി കടത്തുകയാണ്''- ഷാമ പറഞ്ഞു.

''എന്‍സിബി അവിടെനിന്നും ഇവിടെനിന്നും ചിലരെ പിടികൂടും. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കും. നിങ്ങളെല്ലാവരും മുന്ദ്ര തുറമുഖത്തെ ലഹിവേട്ടയെ കുറിച്ച് എഴുതണം. അതെന്താണ് അന്വേഷിക്കാത്തത്? അവിടെ എന്താണ് സംഭവിച്ചത്? അതെന്താണ് അവഗണിക്കപ്പെടുന്നത്?'' -അവര്‍ ചോദിച്ചു.

തുറമുഖത്ത് ഇതുപോലെ ലഹരിവസ്തുക്കള്‍ എത്തിയില്ലെങ്കില്‍ ഇതുപോലുള്ള പാര്‍ട്ടികള്‍ നടക്കുമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

അദാനിയുടെ തുറമുഖത്തെ ലഹരി വേട്ട സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം.

Next Story

RELATED STORIES

Share it