Latest News

എംഎസ്സി എല്‍സ കപ്പല്‍ അപകടം; കമ്പനി 1200 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

എംഎസ്സി എല്‍സ കപ്പല്‍ അപകടം; കമ്പനി 1200 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് 1262.6 കോടി രൂപ കപ്പല്‍ കമ്പനി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാകില്ലെന്ന് ഷിപ്പിങ് കമ്പനി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാലിന്യം കടലില്‍ മുങ്ങിയതിനാല്‍ പരിസ്ഥിതി പ്രശ്നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന തുക യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്നാണ് കപ്പല്‍ കമ്പനി ഉന്നയിച്ച വാദം. അപകടം നടന്നത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നും കമ്പനി വാദിച്ചിരുന്നു. സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് വിഴിഞ്ഞത്തെത്തിയ കപ്പല്‍ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു.

മേയ് 24-നാണ് കൊച്ചി തീരത്തിനു സമീപം ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങി അപകടത്തില്‍പെടുന്നത്. ചെരിവ് നിവര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും കപ്പല്‍ പൂര്‍ണമായും മുങ്ങി. മുങ്ങിയ കപ്പലില്‍നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസ വസ്തുക്കള്‍ സമുദ്രത്തില്‍ കലരുകയും ചെയ്തത് പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്. അപകടം നടന്നത് മീനുകളുടെ പ്രജനനകാലത്തായതിനാല്‍ മുട്ടകള്‍ ചുരുങ്ങിപോയി രൂപമാറ്റം സംഭവിച്ചെന്നും ഇത്തരം മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന മീനുകള്‍ക്ക് വൈകല്യമുണ്ടാകുമെന്നും റിപോര്‍ട്ട് ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it