Latest News

പിടിച്ചുവച്ച എംഎസ്സി അകിറ്റേറ്റ കപ്പല്‍ വിട്ടയച്ചു

പിടിച്ചുവച്ച എംഎസ്സി അകിറ്റേറ്റ കപ്പല്‍ വിട്ടയച്ചു
X

എറണാകുളം: എംഎസ്സി എല്‍സ-3 കപ്പലപകടത്തില്‍ 1227 കോടി 62 ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. ബാങ്ക് ഗ്യാരന്റിയായി തുക കെട്ടിവച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവച്ചിരുന്ന എംഎസ്സി അകിറ്റേറ്റ-2 കപ്പല്‍ ഹൈക്കോടതി വിട്ടയച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ ഗ്യാരന്റി ആയാണ് തുക കെട്ടിവെച്ചത്. എംഎസ്സി എല്‍സ-3 കപ്പലപകടത്തില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടിന്മേലുള്ള ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. 9,531 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നായിരുന്നു മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനിയുടെ വാദം.

അപകടത്തെത്തുടര്‍ന്ന് എണ്ണച്ചോര്‍ച്ച, പരിസ്ഥിതി മലിനീകരണം, മല്‍സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച ഉപജീവനമാര്‍ഗ നഷ്ടം, കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്ന് പുറംതള്ളിയ മാലിന്യം നീക്കംചെയ്യല്‍, പരിസ്ഥിതിക്ക് വിനാശകരമായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും സമുദ്ര പരിസ്ഥിതിക്ക് സൃഷ്ടിച്ച പ്രത്യാഘാതം എന്നിവ ചൂണ്ടിക്കാട്ടി 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അഡ്മിറാലിറ്റി സ്യൂട്ടിലെ വിധി അനുകൂലമായാല്‍ ബാങ്ക് ഗ്യാരന്റിയും പലിശ തുകയും സംസ്ഥാനത്തിന് ലഭിക്കും. ഹരജിയില്‍ ഹൈക്കോടതി ഫെബ്രുവരി 13ന് വിശദമായ വാദം കേള്‍ക്കും.

കപ്പല്‍ അപകടത്തെ തുടര്‍ന്ന് എണ്ണച്ചോര്‍ച്ച, പരിസ്ഥിതി മലിനീകരണം എന്നിവ ഉയര്‍ത്തിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഹരജി. മല്‍സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച ഉപജീവന മാര്‍ഗനഷ്ടം, കപ്പലിലെ കണ്ടൈനറുകളില്‍ നിന്ന് പുറംതള്ളിയ മാലിന്യം നീക്കം ചെയ്യല്‍ എന്നിവയും സര്‍ക്കാര്‍ വാദമായി ഉയര്‍ത്തിയിരുന്നു. 2025 മെയ് 24നാണ് കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ എംഎസ്സി എല്‍സ-3 കപ്പല്‍ അപകടത്തില്‍പ്പെട്ടത്.

Next Story

RELATED STORIES

Share it