Latest News

ബോംബ് കേസിന്റെ അന്വേഷണം പടക്കശാലയില്‍ ഒതുക്കാന്‍ നീക്കമെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്

ബോംബ് കേസിന്റെ അന്വേഷണം പടക്കശാലയില്‍ ഒതുക്കാന്‍ നീക്കമെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്
X

കണ്ണൂര്‍: തോട്ടടയില്‍ വിവാഹച്ചടങ്ങിനിടെ ബോംബെറിഞ്ഞ് ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പോലിസിന്റെ അന്വേഷണം ശരിയായ രീതിയലല്ലെന്ന സംശയം ബലപ്പെടുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.

'ഏച്ചൂരില്‍ നിന്നുമെത്തിയ യുവാക്കള്‍ക്ക് ബോംബുകള്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തണം. പടക്കശാലയില്‍ നിന്നു വാങ്ങിയ സ്‌ഫോടകവസ്തുക്കള്‍ മാത്രമാണിതെന്ന് കരുതുക വയ്യ. പോലിസിന്റെ അന്വേഷണമാകട്ടെ ഇപ്പോള്‍ പടക്കശാല മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പടക്കകടയില്‍ ഇത്രയും ശേഷിയുള്ള ബോംബുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. തോട്ടടയില്‍ ബോംബെറിഞ്ഞ സ്ഥലത്തു നിന്ന് പൊട്ടാതെ കിടന്ന ബോംബ് പോലിസ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയമായി പരിശോധിക്കണം. പടക്കശാലയില്‍ ഇത്തരം ബോംബുകള്‍ വില്‍ക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം'- അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

'കല്യാണത്തിനെത്തിയ സംഭവത്തിലുള്‍പ്പെട്ട യുവാക്കള്‍ പടക്കശാലയില്‍ നിന്ന് പടക്കം വാങ്ങി ഒരു രാത്രി കൊണ്ട് ബോംബുകള്‍ നിര്‍മിച്ചതാണെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഒന്നുകില്‍ ഇവരുടെ പക്കല്‍ ബോംബുകള്‍ കാലേക്കൂട്ടി സജ്ജമാക്കിയത് ഉണ്ടായിരുന്നു. അതല്ലെങ്കില്‍ ഇവര്‍ക്ക് ബോംബുകള്‍ കൃത്യമായി എത്തിച്ചു കൊടുത്തിട്ടുണ്ട്. ബോംബ് നിര്‍മാണ കേന്ദ്രം കണ്ടെത്താതെ പടക്കശാലയില്‍ മാത്രം അന്വേഷണമൊതുക്കി കേസിനെ ദുര്‍ബലപ്പെടുത്താനാണ് നീക്കം നടക്കുന്നത്. പൊതുസമൂഹത്തിനു തന്നെ ഭീഷണിയായി ബോംബ് സംസ്‌കാരം കണ്ണൂരില്‍ വര്‍ധിക്കുകയാണ്. സിപിഎമ്മിന്റേയും ആര്‍എസ്എസിന്റേയും കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായം പോലെ നടക്കുന്നുണ്ട്. ഈയൊരു സാമൂഹിക വിപത്തിനെ ഇല്ലാതാക്കാനാണ് കര്‍ശന നടപടി സ്വീകരിക്കേണ്ടത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാഫിയകളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പോലിസ് സംവിധാനത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം ജനകീയ യാത്ര നടക്കുന്നുണ്ട്. തോട്ടടയില്‍ നിന്നും കണ്ണൂര്‍ സിറ്റി സെന്ററിലേക്കാണ് ജനകീയ യാത്ര നടത്തുന്നത്. പരിപാടി കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it