Latest News

ആരോഗ്യമേഖലക്ക് നീക്കിവച്ചത് 2800 കോടി; വാക്‌സിനും അനുബന്ധ ചിലവുകള്‍ക്കും 1500 കോടി; ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് 636.5 കോടി

എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് 636.5 കോടി. ഈ തുക എംഎല്‍എ വികസന ഫണ്ടില്‍ നിന്നും കണ്ടെത്തും

ആരോഗ്യമേഖലക്ക് നീക്കിവച്ചത് 2800 കോടി; വാക്‌സിനും അനുബന്ധ ചിലവുകള്‍ക്കും 1500 കോടി; ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് 636.5 കോടി
X

തിരുവനന്തപുരം: ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി രണ്ടാം കോവിഡ് പാക്കേജില്‍ 2800 കോടിയാണ് വകയിരുത്തിയത്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ വാങ്ങി നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തി. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിതിന് വര്‍ഷം 559 കോടി ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.

എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് 636.5 കോടി വകയിരുത്തി. ഈ തുക എം.എല്‍.എ. വികസന ഫണ്ടില്‍ നിന്നും കണ്ടെത്തുന്നതാണ്. എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ്എസ്ഡിയാക്കി (കേന്ദ്ര അണുവിമുക്ത വികസന വകുപ്പ്) മാറ്റുന്നു. ഈ വര്‍ഷം 25 സിഎസ്എസ്ഡികള്‍ നിര്‍മിക്കുന്നതിന് 18.75 കോടി വകയിരുത്തി.

പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കല്‍ കോളജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നതാണ്. ആദ്യ ഘട്ടമായി ഈ വര്‍ഷം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിനായി 50 കോടി വകയിരുത്തി.

മൂന്നാം തരംഗം ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള അടിയന്തര ചികിത്സാ സംവിധാനം വര്‍ധിപ്പിക്കണം. സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ഹോസ്പിറ്റലുകളിലും മെഡിക്കല്‍ കോളജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മിക്കും. പ്രാരംഭ ഘട്ടമായി 25 കോടി വകയിരുത്തി.

ഗുരുതരമായ കൊവിഡ് കേസുകളുടെ ചികിത്സയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓക്‌സിജന്‍ ലഭ്യത. 150 മെട്രിക് ടണ്‍ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

മെഡിക്കല്‍ റിസര്‍ച്ചിനും സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതിനും അമേരിക്കയിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മാതൃകയില്‍ ഒരു സ്ഥാപനം ആരംഭിക്കും. വിശദ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചു.

ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്നതിന് റജിയണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി അനുവദിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി യില്‍ വാക്‌സിന്‍ ഗവേഷണം, വാക്‌സിന്‍ നിര്‍മാണം എന്നിവയ്ക്കായി 10 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിനനുവദിക്കുന്ന ഹെല്‍ത്ത് ഗ്രാന്റില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം 559 കോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. ഈ തുക കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് വിനിയോഗിക്കുന്നത്. ഹെല്‍ത്ത് ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.

ആയുഷ് വകുപ്പിനായും ബജറ്റില്‍ വകയിരുത്തി. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കോവിഡാനന്തര ചികിത്സകള്‍ക്കും ആയുഷ് വകുപ്പുകള്‍ മുഖാന്തിരം ഔഷധങ്ങള്‍ ലഭ്യമാക്കും. ഇതിനായി 20 കോടിയും വകയിരുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it