Latest News

മോദിയുടെ പുതിയ മന്ത്രിമാരില്‍ ആര്‍എസ്എസ്സ് ബന്ധമുള്ളവരുടെ എണ്ണം പത്തില്‍ കുറവ്

മോദിയുടെ പുതിയ മന്ത്രിമാരില്‍ ആര്‍എസ്എസ്സ് ബന്ധമുള്ളവരുടെ എണ്ണം പത്തില്‍ കുറവ്
X

ന്യൂഡല്‍ഹി: മോദിയുടെ പുതിയ മന്ത്രിസഭയില്‍ ആര്‍എസ്എസ് ബന്ധമുള്ളവരുടെ എണ്ണം കുറയുന്നു. ഇത്തവണ മന്ത്രിസഭയിലെത്തിയവരില്‍ 10 ശതമാനം പേര്‍ മാത്രമാണ് ആര്‍എസ്എസ് പശ്ചാത്തലമുള്ളവര്‍. ആര്‍എസ്എസ്സുമായി നേരിട്ട് ബന്ധമുള്ള നാല് പേരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

സ്വയമൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായ മോദിയുടെ പുതിയ നീക്കം രാഷ്്ട്രീയ കേന്ദ്രങ്ങളില്‍ നിരവധി സംശയങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. മോദി. 2 മന്ത്രിസഭയിലെ ആദ്യ പാനലിലെ മിക്കവരും ആര്‍എസ്എസ് ബന്ധമുളളവരായിരുന്നുവെന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുള്ളത്.

ഇത്തവണ 43 പേരാണ് പുതുതായി മന്ത്രിസഭിയിലെത്തിയത്. അതില്‍ 10 പേരില്‍ താഴെ മന്ത്രിമാര്‍ക്കേ ആര്‍എസ്എസ്സുമായി നേരിട്ട് ബന്ധമുള്ളൂ. ബന്ധമുളളവരില്‍ ഒരാള്‍ പോലും തീവ്രഹിന്ദുത്വ പശ്ചാത്തലത്തില്‍ നിന്നുള്ളവരല്ല.

16 കാബിനറ്റ് മന്ത്രിമാരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. അതില്‍ ആറ് പേര്‍ക്കാണ് ആര്‍എസ്എസ്സ് ബന്ധമുള്ളത്.

അനുരാഗ് താക്കൂര്‍, ഭൂപേന്ദ്ര യാദവ്, ധര്‍മേന്ദ്ര പ്രധാന്‍, കിരണ്‍ റിജിജു, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനൊവാള്‍ എന്നിവരൊഴിച്ച് കാബിനറ്റില്‍ ഒരാള്‍പോലും ആര്‍എസ്എസ് കുടുംബങ്ങളില്‍ നിന്നുള്ളവരല്ല. ജ്യോതിരാദിത്യ സിന്ധ്യ മുന്‍ കോണ്‍ഗ്രസ്സുകാരനാണ്. നാരായണ്‍ റാനെ എന്‍സിപിയില്‍ നിന്നാണ് ബിജെപിയിലെത്തിയത്. ആര്‍ കെ സിങ്, അശ്വനി വൈഷ്ണവ്, ആര്‍ പി സിങ്, ഹര്‍ദീപ് പുരി എന്നിവര്‍ മുന്‍ ഉദ്യോഗസ്ഥരാണ്. പിന്നീട് ബിജെപിയില്‍ ചേര്‍ന്നുവെന്നു മാത്രം.

28 സഹമന്ത്രിമാരില്‍ 4 പേര്‍ക്കാണ് മുന്‍ ആര്‍എസ്എസ്സ് ബന്ധമുള്ളത്. ഇവരില്‍ പലരും സോഷ്യലിസ്റ്റ് പശ്ചാത്തലത്തില്‍ നിന്നുള്ളവരോ സ്വതന്ത്ര പാര്‍ട്ടിയില്‍ നിന്നുളളവരോ ആണ്. ഉദാഹരണത്തിന് അനുപ്രിയ പട്ടേല്‍ പോലുളളവര്‍.

ആര്‍എസ്എസ്സുമായി ഹോട്ട്‌ലൈന്‍ ബന്ധമുള്ള രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജവദേക്കര്‍, ഡോ. ഹര്‍ഷ് വര്‍ധന്‍, രമേശ് പൊക്രിയാല്‍ എന്നിവര്‍ പുറത്തുപോയ പ്രമുഖ ആര്‍എസ്എസ്സുകാരാണ്.

ആര്‍എസ്എസ് നേതാവായ രവിശങ്കര്‍ പ്രസാദിന്റെ പിതാവ് മുതല്‍ ആര്‍എസ്എസ്സുകാരാണ്. പിതാവ് താക്കൂര്‍ പ്രസാദ് 10 വര്‍ഷത്തോളം ജനസംഘത്തിന്റെ സംസ്ഥാന നേതാവായിരുന്നു.

പ്രകാശ് ജവദേക്കര്‍ വിദ്യാര്‍ത്ഥികാലം മുതലേ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് തികലന്‍ സ്ഥാപിച്ച പത്രത്തിലെ ജോലിക്കാരനായിരുന്നു.

ഹര്‍ഷ് വര്‍ധനും ആര്‍എസ്എസ്സിന്റെ മുന്‍ പ്രവര്‍ത്തകനാണ്. രമേശ് പൊക്രിയാല്‍ ആര്‍എസ്എസ്സിന്റെ സരസ്വതി ശിശു മന്ദിറില്‍ അധ്യാപകനായിരുന്നു.

ആര്‍എസ്എസ്, ബിജെപി സമവാക്യങ്ങള്‍ മാറ്റിമറിച്ചുകൊണ്ടാണ് പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയിരിക്കുന്നത്.

മോദിക്ക് ആര്‍എസ്എസ്സിനേക്കാള്‍ ആര്‍എസ്എസ്സിന് മോദിയെയാണ് ആവശ്യമെന്നതാണ് പുതിയ സ്ഥിതിയെന്നാണ് ഇതേ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ നാഷണല്‍ ഹെരാല്‍ഡ് പത്രത്തിനോട് പ്രതികരിച്ചത്. ഇതില്‍ രക്ഷപ്പെട്ടു പോയ ഏക നേതാവ് നിധിന്‍ ഗഡ്ക്കരിയാണ്.

Next Story

RELATED STORIES

Share it