Latest News

മ്യാന്‍മര്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കരുതെന്ന് മിസോ നാഷണല്‍ ഫ്രണ്ട് രാജ്യസഭ അംഗം

മ്യാന്‍മര്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കരുതെന്ന് മിസോ നാഷണല്‍ ഫ്രണ്ട് രാജ്യസഭ അംഗം
X

ന്യൂഡല്‍ഹി: സൈനിക നടപടിയെത്തുടര്‍ന്ന് മിസോറാം വഴി ഇന്ത്യയിലെത്തിയ മ്യാന്‍മറില്‍ നിന്നുള്ളവരെ തിരിച്ചയയ്ക്കരുതെന്ന് മിസോ നാഷണല്‍ ഫ്രണ്ടിന്റെ രാജ്യസഭ അംഗം കെ. വാന്‍ലാല്‍വേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മ്യാന്‍മറില്‍ നിന്ന് ഗര്‍ഭിണികളും കുട്ടികളും അടക്കം മുന്നൂറോളം പേരാണ് മിസോറാമിലെത്തിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി. രാജ്യത്തെത്തിയ കുടിയേറ്റക്കാരായ മ്യാന്‍മറുകാരെ തിരിച്ചയയ്ക്കുകയില്ലെന്ന് അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള മുഖ്യമന്ത്രിമാര്‍ ഉറപ്പുപറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതേ സംസ്ഥാനങ്ങളോട് അഭയാര്‍ത്ഥികളെ പുറത്താക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കത്തയയ്ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം തുടങ്ങിയ നാല് സംസ്ഥാനങ്ങള്‍ക്കാണ് ആഭ്യന്തരമ മന്ത്രാലയം സൈനികഅട്ടിമറിയെത്തുടര്‍ന്ന് തിരിച്ചെത്തിയവരെ കണ്ടെത്തി പുറത്താക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

2021 ഫെബ്രുവരി 1ാം തിയ്യതിയാണ് മ്യാന്‍മര്‍ സൈന്യം രാജ്യത്തെ അധികാരം പിടിച്ചടക്കിയത്.

അതിര്‍ത്തി കടന്ന മുന്നൂറിലധികം മ്യാന്‍മര്‍ പൗരന്മാരില്‍ ജനാധിപത്യ അനുകൂല പ്രതിഷേധക്കാരെ അനുകൂലിച്ച 150 പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടയില്‍ എംപി രാജ്യസഭയെ അറിയിച്ചിരുന്നു. ഈ അഭയാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരും എന്‍ജിഒകളും അടിയന്തര സഹായവും അഭയവും നല്‍കിയിട്ടുണ്ട്. എന്നാല്‍ മ്യാന്‍മര്‍ അഭയാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

്അഭയാര്‍ത്ഥികളായി എത്തിയവരില്‍ പലര്‍ക്കും രാജ്യത്ത് ബന്ധുക്കളുണ്ട്. മ്യാന്‍മറിനെയും മണിപ്പൂരിനെയും ബന്ധിപ്പിക്കുന്ന 16-17 റോഡുകളാണ് ഉള്ളത്. അതിനിടയില്‍ ഒരു നദിയും ഒഴുകുന്നുണ്ട്. അതിര്‍ത്തിയില്‍ വേലിയില്ലാത്തതിനാല്‍ ആര്‍ക്കും എളുപ്പം മുറിച്ചുകടക്കാം. ദേശീയ മനുഷ്യാവകാശ കമ്മീഷനും മിസോറാം സര്‍ക്കാര്‍ പരാതി അയച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തണം- എം പി പറഞ്ഞു.

ലായ്, ടിഡിംസോമി, ലൂസി, ഹുവാല്‍ങ്കോ ഗോത്രങ്ങള്‍ അടങ്ങുന്ന ചിന്‍ വംശജരാണ് മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളില്‍ അധികവും. വടക്കുകിഴക്ക് ഇന്ത്യയിലെ പ്രധാന ഗോത്രവിഭാഗങ്ങളും ഇതുതന്നെ.

Next Story

RELATED STORIES

Share it