Latest News

കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; പീഡിപ്പിച്ച് കൊന്നത് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍

കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; പീഡിപ്പിച്ച് കൊന്നത് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍
X

ചെന്നൈ: അഡയാറില്‍ കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ ഗൗരവ് കുമാറിന്റെ ഭാര്യ മുനിത കുമാരിയുടെ മൃതദേഹം മൂന്നു ദിവസത്തെ തിരച്ചിലിന് ശേഷം പെരുങ്കുടി മാലിന്യസംഭരണ കേന്ദ്രത്തില്‍ നിന്ന് പോലിസ് കണ്ടെത്തി. മൃതദേഹത്തിന് മുകളില്‍ 500ലധികം ലോഡ് മാലിന്യം നിക്ഷേപിച്ചിരുന്നതിനാല്‍ തിരച്ചില്‍ പ്രയാസകരമായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

ജോലി തേടി ബിഹാറില്‍ നിന്ന് കഴിഞ്ഞ 21നാണ് ഗൗരവ് കുമാര്‍ ഭാര്യയെയും രണ്ടുവയസ്സുള്ള മകനെയും കൂട്ടി ചെന്നൈയിലെത്തിയത്. ഗൗരവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും മുനിത കുമാരിയുടെ മൃതദേഹം ലഭിക്കാതിരുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പോലിസും ശുചീകരണ തൊഴിലാളികളും ട്രക്ക് ഡ്രൈവര്‍മാരുമടങ്ങുന്ന 75 അംഗ സംഘമാണ് പെരുങ്കുടി മാലിന്യകേന്ദ്രത്തില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയത്. കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് ഗൗരവിന്റെ സുഹൃത്തുക്കളായ അഞ്ചംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ മുനിത കുമാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ ഗൗരവും ഭാര്യയും എതിര്‍ത്തതിനെ തുടര്‍ന്നാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നതെന്ന് പോലിസ് പറഞ്ഞു. ഗൗരവിനെ ആദ്യം കൊലപ്പെടുത്തിയ സംഘം പിന്നീട് ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും, രണ്ടുവയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.

മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ചാക്കുകളില്‍ കെട്ടി വിവിധ സ്ഥലങ്ങളില്‍ തള്ളുകയായിരുന്നു. അഡയാറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പേര്‍ ഇരുചക്രവാഹനത്തില്‍ ചാക്കുമായി എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി. വാഹന നമ്പര്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലൂടെയാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it