Latest News

ലഡാക്കില്‍ മരണമടഞ്ഞ മുഹമ്മദ് ഷൈജലിന്റെ വീട്ടില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി

ലഡാക്കില്‍ മരണമടഞ്ഞ മുഹമ്മദ് ഷൈജലിന്റെ വീട്ടില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി
X

മലപ്പുറം: ലഡാക്കില്‍ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തില്‍ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മന്ത്രിമാരായ കെ രാജന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ബിനോയ് വിശ്വം എംപി, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഒ സാദിഖ്, ആര്‍ഡിഒ പി സുരേഷ് എന്നിവരും സന്ദര്‍ശന വേളയില്‍ ഒപ്പമുണ്ടായിരുന്നു. മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍.

20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു ഷൈജല്‍. നീണ്ടകാലം ഗുജറാത്തിലെ ക്യാംപില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാംപിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടം. 26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാംപിലേക്ക് പോവുന്ന വഴി വാഹനം നദിയിലേക്ക് തെന്നിയാണ് അപകടമുണ്ടായത്.

ഷൈജലിന്റെ ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചു. തുടര്‍ന്ന് മാതാവ് സുഹ്‌റയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ഷൈജലും സഹോദരങ്ങളായ ഹനീഫയും സലീനയും വളര്‍ന്നത്. പഠനത്തില്‍ മിടുക്കനായ ഷൈജല്‍ നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.ഭാര്യ റഹ്മത്ത്, പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍.

ഷൈജലിന്റെ മൃതദേഹം വഹിച്ചുള്ള സൈനികസംഘം നാളെ രാവിലെ 10.10ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.തുടര്‍ന്ന് രാവിലെ 11ന് തിരൂരങ്ങാടി യതീം ഖാനയിലും (പിഎസ്എംഒ കോളേജ് ക്യാമ്പസ് ), ഉച്ചക്ക് ഒന്നിന് സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് മൂന്നിന് അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളിയിലാണ് സംസ്!കാരം.

Next Story

RELATED STORIES

Share it