Latest News

പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂര്‍ 5, ആലപ്പുഴ 4, കണ്ണൂര്‍ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന നിരവധി പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച സ്ഥിതിക്ക് അവരും ശ്രദ്ധിക്കണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 7 ദിവസം വീടുകളില്‍ കഴിയുന്നതാണ് നല്ലത്. ഒരു കാരണവശാലും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതുഗതാഗതം ഉപയോഗിക്കയോ ചെയ്യരുത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്.

രോഗലക്ഷണങ്ങളുള്ളവര്‍ യാതൊരു കാരണവശാലും പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it