Latest News

കുറ്റ്യാടി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കും; മന്ത്രി റോഷി അഗസ്റ്റിൻ

കുറ്റ്യാടി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കും; മന്ത്രി റോഷി അഗസ്റ്റിൻ
X

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ച് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് സർക്കാർ 520.63 കോടി രൂപ അനുവദിച്ചതായും പദ്ധതികളുടെ നടത്തിപ്പിന് എല്ലാവിധ സഹായങ്ങളും പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

കേരള വാട്ടർ അതോറിറ്റിയും ജല ജീവൻ മിഷനും ഗ്രാമപഞ്ചായത്തും സംയുക്തമായി 25 കോടിരൂപയോളം ചെലവഴിച്ച് ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാന സർക്കാർ 18 കോടി രൂപയും ജല ജീവൻ മിഷൻ ആറരകോടി രൂപയുമാണ് പദ്ധതിക്കായി വിനിയോഗിച്ചത്.

നിലവിൽ 29 ജലനിധി പദ്ധതികളിലായി ആയിരത്തോളം കുടിവെള്ള കണക്ഷനുകളാണ് പഞ്ചായത്തിലുള്ളത്. കുന്നുമ്മൽ കുടിവെള്ള പദ്ധതി മുഖേന 3500 പുതിയ പൈപ്പ് കണക്ഷനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു. ഇതിനു പുറമേ ശുദ്ധജലം ലഭ്യമല്ലാത്ത പഞ്ചായത്തിലെ 20 അങ്കണവാടികളിലും 11 സ്കൂളുകളിലും മുഴുവൻ പൊതു സ്ഥാപനങ്ങളിലും പദ്ധതി മുഖേന കുടിവെള്ളം നൽകി ജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയാണ് നിർവഹണ ഏജൻസി. സ്റ്റാർസ് കോഴിക്കോടാണ് നിർവഹണ സഹായ ഏജൻസിയായി പ്രവർത്തിച്ചത്.

ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. റീത്ത അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഡോ. പി. ഗിരീഷൻ പദ്ധതി വിശദീകരിച്ചു. മുൻ എംഎൽഎ കെ.കെ. ലതിക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, വൈസ് പ്രസിഡന്റ് വി.വിജിലേഷ് ജനപ്രതിനിധികളായ മുഹമ്മദ് കക്കട്ടിൽ, ടി.പി. വിശ്വനാഥൻ, കെ.കൈരളി, സജിത സി.പി, റീന സുരേഷ്, ഹേമ മോഹൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത്‌ അംഗങ്ങൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it