Latest News

വ്യക്തിശുചിത്വത്തിന് കൊടുക്കുന്ന പ്രാധാന്യം മലയാളികള്‍ സാമൂഹിക ശുചിത്വത്തിന് നല്‍കുന്നില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

വ്യക്തിശുചിത്വത്തിന് കൊടുക്കുന്ന പ്രാധാന്യം മലയാളികള്‍ സാമൂഹിക ശുചിത്വത്തിന് നല്‍കുന്നില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
X

തിരുവനന്തപുരം; നടപ്പാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള പ്രദേശങ്ങള്‍ മാത്രമേ മാലിന്യ സംസ്‌കരണ പദ്ധതികള്‍ തുടങ്ങുന്നതിനായി തിരഞ്ഞെടുക്കാവൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിശുചിത്വത്തിന് പ്രധാന പരിഗണ നല്‍കുന്ന മലയാളികള്‍ സാമൂഹിക ശുചിത്വത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മാലിന്യ സംസ്‌കരണമടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പല മാലിന്യ സംസ്‌കരണ പദ്ധതികളും നടപ്പാക്കാന്‍ പോകുമ്പോള്‍ ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള ഫലപ്രദമായ ഇടപെടലുകളുണ്ടാകണം. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു മുന്‍പുതന്നെ അതു നടപ്പാക്കുന്ന സ്ഥലങ്ങളെക്കുറിച്ചു ധാരണയുണ്ടാകണം. നടപ്പാക്കാനാകുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ എല്ലാ പശ്ചാത്തലവുമൊരുങ്ങി എന്ന് ഉറപ്പായ ശേഷം മാത്രമേ പ്രാരംഭ നടപടികള്‍ നടത്താവൂ. വരുന്ന അഞ്ചു വര്‍ഷംകൊണ്ട് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ളവും മാലിന്യ സംസ്‌കരണമടക്കമുള്ള പൊതു പദ്ധതികളെ കണ്ണുമടച്ച് എതിര്‍ക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്നു ചടങ്ങില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. ഇതിനു സമൂഹത്തില്‍ ശക്തമായ അവബോധം സൃഷ്ടിക്കണം. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it