Latest News

സ്‌കൂളുകള്‍ എല്ലാ നിലയിലും സജ്ജമായി എന്ന് ഉറപ്പു വരുത്തണം: മന്ത്രി മുഹമ്മദ് റിയാസ്

സ്‌കൂളുകള്‍ എല്ലാ നിലയിലും സജ്ജമായി എന്ന് ഉറപ്പു വരുത്തണം: മന്ത്രി മുഹമ്മദ് റിയാസ്
X

കോഴിക്കോട്: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ എല്ലാ നിലയിലും സജ്ജമായി എന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലയില്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും മെയ് 27 നകം പൂര്‍ത്തീകരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. സ്‌കൂളും പരിസരവും ശുചീകരിക്കണം. ക്ലാസ് മുറികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ടോയ്!ലെറ്റുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ ശുചിയായി സൂക്ഷിക്കണം. ശുചീകരണത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കണം. അതില്‍ കാലതാമസം വരുത്തരുത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിംഗ് എന്നിവ പൂര്‍ത്തീകരിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. കിണര്‍, വാട്ടര്‍ ടാങ്ക് എന്നിവ അണുവിമുക്തമാക്കുകയും കുടിവെള്ള സാമ്പിള്‍ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. അടുക്കളയും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കണം. പാചക തൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന് ഉറപ്പാക്കണം. വാഹനത്തിലെ ജീവനക്കാരുടെ കാര്യത്തിലും പോലീസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗതാഗത വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാവണം. പ്രാദേശിക വാഹന സൗകര്യം ആവശ്യമാണെങ്കില്‍ അത് ഏര്‍പ്പാടാക്കണം.

ഇഴജന്തുക്കള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും സാന്നിധ്യം ഇല്ലെന്നു ഉറപ്പു വരുത്തുകയും വേണം. ക്ലാസ് മുറികളിലോ പുറത്തോ ഇത്തരം മാളങ്ങളോ കുഴികളോ ഇല്ലാതിരിക്കാന്‍ സൂക്ഷിക്കണം. സ്‌കൂള്‍ പരിസരത്തു അപകടകരമായ മരങ്ങള്‍ ഉണ്ടെങ്കില്‍ അവ മുറിച്ചു മാറ്റണം. അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍, സ്‌റ്റേ തുടങ്ങിയവ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടി സ്വീകരിക്കണം.

സ്‌കൂളുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് വിദ്യാര്‍ഥികളുടെ സഞ്ചാരത്തെയും പ്രവര്‍ത്തനങ്ങളെയും ഒരു തരത്തിലും ബാധിക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. വിദ്യാലയങ്ങള്‍ക്കു സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് പോലീസിന്റെ സഹായം തേടുന്നുണ്ട്. സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരി പദാര്‍ഥങ്ങളുടെ വില്‍പന ഇല്ലെന്ന് ഉറപ്പാക്കണം. ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെയും എക്‌സൈസിനെയും അറിയിക്കണം.

പന്ത്രണ്ട് മുതല്‍ 14 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. സ്‌കൂളില്‍ ലഭിച്ച പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യണം. ഉപജില്ലാ തലത്തിലും ഇത്തരത്തിലുള്ള യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം. പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, എസ്.എം.സി, ക്ലാസ് പി.ടി.എ യോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന യോ?ഗത്തില്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ അനുപം മിശ്ര, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. മിനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സെക്രട്ടറി അഹമ്മദ് കബീര്‍, പൊലീസ് കമ്മീഷണര്‍ എ. അക്ബര്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ എ.കെ. അബ്ദുല്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it