Latest News

ഭക്ഷ്യോത്പാദനരംഗത്ത് സ്വയം പര്യാപ്തത നേടുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി

ഭക്ഷ്യോത്പാദനരംഗത്ത് സ്വയം പര്യാപ്തത നേടുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി
X

തൃശൂർ: ഭക്ഷ്യോത്പാദനരംഗത്ത് സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 100 കോഴിയും കൂടും പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


മുട്ട, മാംസം, പാൽ, പച്ചക്കറി തുടങ്ങിയവയുടെ ഉൽപാദന വർദ്ധനവിനായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. പാലുൽപാദന മേഖലയിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിനരികിൽ എത്തിക്കഴിഞ്ഞു. മുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കിയ സ്കൂൾ കുട്ടികൾക്ക് അഞ്ച് കോഴിക്കുഞ്ഞും തീറ്റയും വിതരണം ചെയ്യുന്ന "കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്" മതിലകം പഞ്ചായത്തിലെ സെന്റ് ജോസഫ് സ്കൂളിൽ വിജയകരമായി പൂർത്തിയാക്കി. നിലവിൽ സംസ്ഥാനത്ത് ചില കാരണങ്ങളാൽ നിർത്തിവച്ചിരിക്കുന്ന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


സംസ്ഥാനത്തെ കോഴി വളർത്തൽ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ആണ് 100 കോഴിയും കൂടും പദ്ധതി നടപ്പിലാക്കുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ 7 ഗ്രാമ പഞ്ചായത്തുകളിലുള്ള 5 പേരടങ്ങുന്ന ഒരു യൂണിറ്റിന് 100 കോഴിയും ഒരു കൂടും വീതമാണ് വിതരണം ചെയ്യുന്നത്. ഒരു യൂണിറ്റിന് 90000 രൂപ ചെലവ് വരുന്ന പദ്ധതിക്ക് 5000 രൂപയാണ് ഉപഭോക്താക്കൾ അടയ്ക്കേണ്ടത്.


മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ ,കെ.പി.രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്.മോഹനൻ, വിനിത മോഹൻദാസ്,ശോധന ജി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ് ജയ, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ് സലീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ബാബു, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it