Latest News

മില്‍മ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കും

മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ 32ാമത് വാര്‍ഷിക പൊതുയോഗത്തിന്റേതാണ് (2020-21) തീരുമാനം. അധിക പാല്‍വില നല്‍കുന്നതിനായി 2.3 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്ന് മലബാര്‍ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.

മില്‍മ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കും
X

കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി മില്‍മ അധിക പാല്‍വില നല്‍കുന്നു. ഫെബ്രുവരി മാസത്തില്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ മില്‍മയ്ക്കു നല്‍കുന്ന പാലിന് ഗുണ നിലവാരത്തിനനുസൃതമായി ലിറ്ററിന് ഒരു രൂപ നിരക്കില്‍ അധികമായി നല്‍കും. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ 32ാമത് വാര്‍ഷിക പൊതുയോഗത്തിന്റേതാണ് (2020-21) തീരുമാനം. അധിക പാല്‍വില നല്‍കുന്നതിനായി 2.3 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്ന് മലബാര്‍ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.

7.6 ലക്ഷം ലിറ്റര്‍ പാലാണ് മലബാറില്‍ നിന്ന് മില്‍മ പ്രതിദിനം സംഭരിക്കുന്നത്. മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഫ്) വൈക്കോലിന് കിലോഗ്രാമിന് 50 പൈസയും ചോളപ്പൊടിക്ക് കിലോഗ്രാമിന് ഒരു രൂപയും ഡിസ്‌കൗണ്ടും നല്‍കും. വര്‍ധിച്ചു വരുന്ന ക്ഷീരോത്പാദന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 17 വ്യത്യസ്ഥ സ്ഥലങ്ങളിലും 14 ഉപ സെന്ററുകളിലുമായി സംഘം അംഗങ്ങള്‍ ഒത്തു ചേര്‍ന്ന് വെര്‍ച്ച്വല്‍ പ്ലാറ്റ് ഫോമിലാണ് വാര്‍ഷിക പൊതുയോഗം നടന്നത്. മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലെ 1136 അംഗ സംഘങ്ങളില്‍ ഭൂരിഭാഗം പേരും പങ്കുകൊണ്ടു. മേഖലാ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷത വഹിച്ചു.

കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച പിന്നിട്ട വര്‍ഷങ്ങളില്‍ സമസ്ത മേഖലകളും പ്രതിസന്ധി നേരിട്ടപ്പോള്‍ തളരാതെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ച മേഖലയാണ് കേരളത്തിലെ ക്ഷീരോത്പാദന മേഖലയെന്ന് യോഗം വിലയിരുത്തി. ഇക്കാലയളവില്‍ ക്ഷീരോത്പാദന മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നു വരുന്നതാണ് കണ്ടത്. മലബാര്‍ മില്‍മ സംഭരിക്കുന്ന പാലിന്റെ അളവില്‍ പ്രതിദിനം പത്തുശതമാനം വര്‍ധനവ് കൊവിഡ് കാലത്തുണ്ടായി.

Next Story

RELATED STORIES

Share it