Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസി വോട്ടുകള്‍ ഇത്തവണ കുറഞ്ഞേക്കും

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസി വോട്ടുകള്‍ ഇത്തവണ കുറഞ്ഞേക്കും
X

റിയാദ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയും വിമാനയാത്രയിലെ പ്രതിസന്ധിയും ഇത്തവണ പ്രവാസി വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് വിലയിരുത്തല്‍. നാട്ടിലെത്തി വോട്ടവകാശം വിനിയോഗിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രവാസികളെ പിന്നോട്ടടിപ്പിക്കുന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രദേശത്തെ സുരക്ഷാ ആശങ്കയും അനിശ്ചിതത്വവും യാത്രയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. നാട്ടിലേക്ക് പോയാല്‍ തിരിച്ചുവരവ് തടസ്സപ്പെടുമോ എന്ന ഭയം പലരെയും യാത്ര ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിനൊപ്പം കുത്തനെ ഉയര്‍ന്ന വിമാനനിരക്കും വലിയ വെല്ലുവിളിയാണ്. നിലവില്‍ വോട്ട് ചെയ്യാന്‍ പോയി മടങ്ങാന്‍ ഒരാള്‍ക്ക് ഏകദേശം ഒന്നരലക്ഷം രൂപ വരെ ചെലവാകുന്നു. വണ്‍വേ ടിക്കറ്റിന് തന്നെ 85,000 രൂപയോളം നല്‍കേണ്ടിവരുന്ന അവസ്ഥയാണ്. നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റുകള്‍ കുറവും പരിമിതവുമാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ 'വോട്ട് വിമാനം' ചാര്‍ട്ടര്‍ ചെയ്തിരുന്നുവെങ്കിലും, ഇത്തവണ ഉയര്‍ന്ന ചെലവ് കാരണം അത്തരം നീക്കങ്ങള്‍ സജീവമല്ല.

ഏപ്രില്‍ ആദ്യവാരത്തിലും നിരക്കില്‍ ഇളവ് കാണാത്തതിനാല്‍, നേരത്തെ യാത്ര പദ്ധതിയിട്ടിരുന്ന പലരും അത് മാറ്റിവച്ചിട്ടുണ്ട്. മെയ് മാസത്തോടെ സാഹചര്യം മെച്ചപ്പെട്ടാല്‍ ഫലം അറിയാനെങ്കിലും നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ചിലര്‍. അതേസമയം, എല്ലാ പ്രതിസന്ധികളും മറികടന്ന് നാട്ടിലെത്തി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന പ്രവാസികളും ഉണ്ടെന്ന് നേതാക്കള്‍ പറയുന്നു. ഇതിനായി മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തവരും ഉണ്ട്. ഇതിനിടെ നാട്ടിലെത്തിയിരിക്കുന്ന ചിലര്‍ മടക്കയാത്ര നീട്ടിവക്കാനും തീരുമാനമുണ്ട്. തൊഴിലുടമകളെ ബോധ്യപ്പെടുത്തി തിരഞ്ഞെടുപ്പ് തഴിയുന്നത് വരെ നാട്ടില്‍ തുടരാനാണ് നീക്കം. പ്രവാസികള്‍ക്ക് തങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുതന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഒഐസിസി നേതാക്കള്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it