Latest News

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; രണ്ടു മരണം

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; രണ്ടു മരണം
X

മെക്‌സിക്കോ സിറ്റി: തെക്കന്‍, മധ്യ മെക്‌സിക്കോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. രണ്ടു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മെക്‌സിക്കോയുടെ ദേശീയ ഭൂകമ്പ ശാസ്ത്ര ഏജന്‍സിയുടെ വിവരമനുസരിച്ച്, തെക്കന്‍ സംസ്ഥാനമായ ഗ്വെറേറോയിലെ സാന്‍ മാര്‍ക്കോസ് പട്ടണത്തിന് സമീപം, പസഫിക് തീരദേശ റിസോര്‍ട്ടായ അകാപുള്‍കോയ്ക്കടുത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തീവ്രമായ ഭൂചലനത്തിന് പിന്നാലെ 500ലധികം തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്. അകാപുള്‍കോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും സംസ്ഥാനത്തെ വിവിധ ഹൈവേകളിലും മണ്ണിടിച്ചിലുകള്‍ ഉണ്ടായതായി ഗ്വെറേറോ സംസ്ഥാന സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

പ്രഭവകേന്ദ്രത്തിനടുത്ത് താമസിച്ചിരുന്ന 50 വയസുള്ള സ്ത്രീയുടെ വീട് തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് ഒരു മരണം സംഭവിച്ചതെന്ന് ഗ്വെറേറോ ഗവര്‍ണര്‍ എവ്‌ലിന്‍ സാല്‍ഗാഡോ അറിയിച്ചു. അതേസമയം, ഗ്വെറേറോയുടെ തലസ്ഥാനമായ ചില്‍പാന്‍സിംഗോയിലെ ഒരു ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഭൂചലനമുണ്ടായതോടെ മെക്‌സിക്കോ സിറ്റിയിലും അകാപുള്‍കോയിലും താമസക്കാരും വിനോദസഞ്ചാരികളും കെട്ടിടങ്ങള്‍ വിട്ട് തെരുവുകളിലേക്ക് ഓടിയിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കെട്ടിടം ഒഴിപ്പിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ ഒരാള്‍ പിന്നീട് മരിച്ചതായി മെക്‌സിക്കോ സിറ്റി മേയര്‍ ക്ലാര ബ്രൂഗഡ വ്യക്തമാക്കി.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപോര്‍ട്ട് പ്രകാരം, ഗ്വെറേറോയിലെ റാഞ്ചോ വിജോയില്‍ നിന്ന് 2.5 മൈല്‍ വടക്ക്-വടക്ക് പടിഞ്ഞാറ് മാറി, ഭൂമിയില്‍ നിന്ന് 35 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പം ഉണ്ടായത്. പുതുവര്‍ഷത്തോടനുബന്ധിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബാമിന്റെ പത്രസമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഭൂചലനം ഉണ്ടായത്.

Next Story

RELATED STORIES

Share it