Latest News

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള ഹിന്ദുത്വ ആക്രമണത്തെ അപലപിച്ച് മെഹ്ബൂബ മുഫ്തി; മെഹ്ബൂബക്ക് 'താലിബാനി' മാനസികാവസ്ഥയെന്ന് ജമ്മു കശ്മീര്‍ ബിജെപി മേധാവി

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള ഹിന്ദുത്വ ആക്രമണത്തെ അപലപിച്ച് മെഹ്ബൂബ മുഫ്തി; മെഹ്ബൂബക്ക് താലിബാനി മാനസികാവസ്ഥയെന്ന് ജമ്മു കശ്മീര്‍ ബിജെപി മേധാവി
X

ശ്രീനഗര്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടി 20 മല്‍സരത്തില്‍ ഇന്ത്യ തോറ്റതിന് കശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് രംഗത്തുവന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് 'താലിബാനി' മാനസികാവസ്ഥയെന്ന് ബിജെപി ജമ്മു കശ്മീര്‍ മേധാവി രവീന്ദര്‍ റെയ്‌ന. പാകിസ്താനെ പിന്തുണച്ച മെഹ്ബൂബ മുഫ്തി വലിയ പാപമാണ് ചെയ്യുന്നതെന്നും റെയ്‌ന പറഞ്ഞു.

ഇന്ത്യ, പാകിസ്താന്‍ ടി 20 ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യ തോറ്റതിന് പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതിനെതിരേയാണ് ബിജെപി നേതാവിന്റെ താലിബാന്‍ പരമാര്‍ശം. കശ്മീരി വിദ്യാര്‍ത്ഥികള്‍ പാകിസ്താന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയെന്നാണ് ബിജെപിക്കാരുടെ ആരോപണം.

ചിലര്‍ ജിവീക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഇന്ത്യയിലാണെങ്കിലും അവരുടെ കൂറ് മറ്റ് ചിലയിടങ്ങളിലാണെന്ന് റെയ്‌ന ആരോപിച്ചു. അവര്‍ ശത്രുരാജ്യമായ പാകിസ്താനെ പിന്തുണയ്ക്കുകയാണ്. പാകിസ്താനാവട്ടെ ഇന്ത്യക്കാരെ കൊന്നൊടുക്കാന്‍ സായുധരെ അയക്കുന്നു- റെയ്‌ന പറഞ്ഞു.

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുഎപിഎ ചുമത്തിയാണ് മന്‍കി ബാത്ത് തുടങ്ങിയതെന്നും ആഘോഷിക്കുന്നുണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നുമായിരുന്നു മെഹ് ബുബ മുഫ്തിയുടെ ട്വീറ്റ്.

പഞ്ചാബില്‍ വ്യത്യസ്തമായ രണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. അവരുടെ ഹോസ്റ്റല്‍ മുറികളില്‍ കടന്ന അക്രമികള്‍ സാധനങ്ങള്‍ തകര്‍ത്തു. അതേ സ്ഥാപനങ്ങളിലെ ഹിന്ദുത്വ ചായ്‌വുള്ള വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിനു പിന്നില്‍. ഞായറാഴ്ച നടന്ന ടി 20 മല്‍സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിനാണ് പാകിസ്താനോട് തോറ്റത്. പഞ്ചാബിലെ സാന്‍ഗ്രൂരിലെ ഭായ് ഗുരുദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെയും മൊഹാലിയിലെ റയാത് ഭാരത് യൂനിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് ആക്രമണം നടന്നത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

യുപിയില്‍നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് തങ്ങളെ ആക്രമിച്ചതെന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുറികള്‍ക്കുള്ളില്‍ കടന്ന് പ്രശ്‌നമുണ്ടാക്കുന്ന കാര്യം അറിയിച്ചിട്ടും ഹോസ്റ്റല്‍ അധികൃതരും ഇടപെട്ടില്ല. ഒരു വിദ്യാര്‍ത്ഥി തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ആക്രമണം ലൈവ് ഇട്ടിരുന്നു. പഞ്ചാബിയായ ഒരു വിദ്യാര്‍ത്ഥി പ്രശ്‌നത്തില്‍ ഇടപെട്ട് കശ്മീരി വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ഇരിക്കുമ്പോഴാണ് അക്രമികള്‍ കയറിവന്ന് ആക്രമണമഴിച്ചുവിട്ടത്.

റയാത്ത് ഭാരത് യൂനിവേഴ്‌സിറ്റിയിലും സമാനമായ സംഭവമാണ് ഉണ്ടായത്. രണ്ടിടത്തും പഞ്ചാബി വിദ്യാര്‍ത്ഥികളാണ് കശ്മീരി വിദ്യാര്‍ത്ഥികളുടെ രക്ഷക്കെത്തിയതെന്ന് കശ്മീരി സ്റ്റുഡന്‍സ് അസോസിയേഷന്‍ വക്താവ് നസീര്‍ ഖുവാമി ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കശ്മീരി വിദ്യാര്‍ത്ഥികളില്‍ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുന്നതായി സംഘടന പറയുന്നു.

Next Story

RELATED STORIES

Share it