Latest News

സിദ്ധീഖ് കാപ്പന് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് രമേശ് ചെന്നിത്തല

തെളിവില്ലാതെ യുഎപിഎ ചുമത്തി കാപ്പനെ പീഡിപ്പിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

സിദ്ധീഖ് കാപ്പന് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: യുപി പോലിസ് തടങ്കലില്‍ കൊവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കരിദിനാചരണത്തിന്റെ ഭാഗമായി യൂനിയന്‍ ജില്ലാ കമ്മിറ്റി തിരുവനന്തപുരം ജിപിഒക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകായായിരുന്നു പ്രതിപക്ഷ നേതാവ്. കാപ്പന്റെ ഭാര്യയെ ഇന്നലെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.ക്രൂരമായ പീഡനമാണ് അദ്ദേഹം അനുഭവിച്ച് കൊണ്ടിരുക്കുന്നത്. മാധ്യമപ്രവര്‍ത്തകനോട് കാട്ടുന്നത് കടുത്ത മാനുഷ്യാവകാശ ലംഘനമാണ്. കാപ്പന് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം യുപി സര്‍ക്കാരിനുണ്ട്. കഴിഞ്ഞ 204 ദിവസമായി കാപ്പന്‍ കടുത്ത പീഢനം അനുഭവിക്കുകയാണ്. നല്ല ചികില്‍സ ലഭ്യമാക്കാന്‍ സിദ്ധീഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണം. ഇവ്വിഷയത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടാന്‍ ആവിശ്യപ്പെടും. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. കസ്റ്റഡിയിലുള്ള ഒരു പ്രതിയെന്ന നിലയില്‍ അദ്ദേഹത്തിന്് മതിയായ ചികില്‍സ ലഭ്യമാക്കാന്‍ യുപി സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെ ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. കാപ്പന് ചികില്‍സ ലഭ്യമാക്കാന്‍ യോഗി ആദിത്യ നാഥിനോട് ആവിശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നടത്തുന്ന ഈ കരിദിനാചരണത്തിന് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നടത്തുന്ന ഈ പ്രതിഷേധ പരിപാടിക്ക് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഫോണ്‍ സന്ദേശത്തിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യുപി സര്‍ക്കാര്‍ യാതൊരു തെളിവുമില്ലാതെ യുഎപിഎ ചുമത്തി സിദ്ദീഖ് കാപ്പനെ പീഡിപ്പിക്കുകയാണ്. യുപി സര്‍ക്കാര്‍ ഇടപെട്ട് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും എംഎ ബേബി കരിദിന സന്ദേശത്തില്‍ അറിയിച്ചു. മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്ന് പ്രതിഷേധ പരിപാടിയില്‍ അധ്യക്ഷത വഹിച്ച കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം പറഞ്ഞു. താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ കഴിയുന്നതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഋഷി കെ മനോജ് പറഞ്ഞു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജി, കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it