Latest News

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം ആചരിച്ചു

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം ആചരിച്ചു
X

കോഴിക്കോട്: ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം ഫലസ്തീനു നേരെ നടത്തുന്ന കടന്നാക്രമണ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെ പിന്തുണക്കാന്‍ എല്ലാ ജനാധിപത്യ, മതനിരപേക്ഷശക്തികളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിച്ചും കൊണ്ടും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) അഖിലേന്ത്യാ തലത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം ആചരിച്ചു.

ഐകൃദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അവരവരുടെ വീടുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുകയും ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ഫലസ്തീന്‍ ജനതയുടെ ജന്മനാടിന്റെ ഒരു ഭാഗം അവരുടെ സമ്മതം കൂടാതെ, ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിക്കൊണ്ടാണ് ബ്രിട്ടീഷ്, അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ പിന്‍ബലത്തോടെ 1948ല്‍ ജൂതമതക്കാരുടേതെന്ന പേരില്‍ ഇസ്രായേല്‍ രാഷ്ട്രം രൂപം കൊള്ളുന്നത്. ഒരു ജനതയെ അവരുടെ ജന്മനാട്ടില്‍ നിന്നും ആട്ടിപ്പായിച്ചു കൊണ്ട് അവിടെ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനോട് ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഫലസ്തീന്‍ ജനതയെ ആട്ടിപ്പായിച്ച് അവിടെ ഇസ്രായേല്‍ രാജ്യം സ്ഥാപിക്കുന്നതിനെ, മഹാത്മാഗാന്ധിയും നെഹ്‌റുവുമുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ നേതാക്കളെല്ലാം ശക്തമായി എതിര്‍ത്തിരുന്നു. രാജ്യ ഭ്രഷ്ടരാക്കപ്പെട്ട ഫലസ്തീന്‍ ജനത സ്വന്തം ജന്മനാടിനെ വീണ്ടെടുക്കാനും സ്വതന്ത്രരായി ജീവിക്കാനും വേണ്ടി കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി നടത്തിപ്പോരുന്ന സ്വാതന്ത്ര്യസമരത്തിന് ലോകമെമ്പാടുമുള്ള മതനിരപേക്ഷ, ജനാധിപത്യ, പുരോഗമന ശക്തികളുടെ പിന്തുണയുണ്ട്. എന്നിട്ടും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയും അത്യന്തം വിനാശകരമായ ആയുധശേഷിയും ഉപയോഗപ്പെടുത്തി ഫലസ്തീന്‍ ജനതയെ വീണ്ടും വീണ്ടും അടിച്ചമര്‍ത്തുകയാണ് ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം. ഫലസ്തീന്‍കാരുടെ താമസസ്ഥലങ്ങള്‍ കൈയേറി ജൂതന്മാര്‍ക്കു വേണ്ടി സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുകയും എതിര്‍ക്കുന്നവരെ മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്ന ഇസ്രായേലിലെ സയണിസ്റ്റ് സര്‍ക്കാര്‍ ഫലസ്തീന്‍ ജനതക്കു മേല്‍ നടപ്പാക്കുന്നത് 'അപ്പാര്‍ത്തീഡു' തന്നെയാണ്. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടം തദ്ദേശീയര്‍ക്കു മേല്‍ നടപ്പാക്കിയ അതേ വര്‍ണ്ണവിവേചനത്തിനു സമാനമായ നയം.

ഇസ്‌ലാമിക മതവിശ്വാസികള്‍ ശ്രേഷ്ഠമായി കരുതുന്ന മസ്ജിദുല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ഫലസ്തീന്‍കാര്‍ക്കെതിരെ റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ അവസാന നാളുകളില്‍ ഇസ്രായേല്‍ നടത്തിയ സൈനിക അതിക്രമമാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിനു തുടക്കം കുറിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഫലസ്തീന്‍ ജനതക്കു നേരെ ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന കടന്നാക്രമണ യുദ്ധത്തില്‍ പ്രതിഷേധിക്കാനും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തീരുമാനി്ച്ചതെന്ന് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) സംസ്ഥാന സെക്രട്ടറി പിസി ഉണ്ണിച്ചെക്കന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it