'വിവാഹനോട്ടിസ്' ദുരുപയോഗം ചെയ്യുന്നു: വിവാഹ അപേക്ഷകള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി അവസാനിപ്പിച്ച് മന്ത്രി സുധാകരന്റെ ധീരമായ നീക്കം

തിരുവനന്തപുരം: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവാന്‍ അപേക്ഷ നല്‍കുന്നവരുടെ വിവരങ്ങള്‍ ഫോട്ടോ സഹിതം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി രജിസ്‌ട്രേഷന്‍ വകുപ്പ് അവസാനിപ്പിക്കുന്നു. ഇത്തരം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പലരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ കാരണമാവുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി. പുതിയ നീക്കം ചരിത്രപരമാണെന്ന് വകുപ്പ് മന്ത്രി ജി സുധാകരന്‍ വിശേഷിപ്പിച്ചു.
ഇനിമുതല്‍ വിവാഹിതരാവാന്‍ അപേക്ഷ നല്‍കുന്നവരുടെ വിവരങ്ങള്‍ അപേക്ഷകര്‍ ഉള്‍പ്പെടുന്ന രജിസ്റ്റര്‍ ഓഫിസില്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അത് ഡൗണ്‍ലോഡ് ചെയ്ത് പലരും വര്‍ഗീയപ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
രണ്ട് ദിവസം മുമ്പ് ആതിര സുജാത രാധാകൃഷ്ണന്‍ എന്ന സ്ത്രീയാണ് സ്‌പെഷ്യല്‍ മാരേജ് ആക്റ്റ്പ്രകാരം വിവാഹിതരാവാന്‍ അപേക്ഷിക്കുന്നവരുടെ വിവരങ്ങല്‍ വെബ്‌സൈറ്റില്‍ ഇടുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. വെബ്‌സൈറ്റില്‍നിന്ന് ഇത്തരം അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പലരും വര്‍ഗീയപ്രചാരണത്തിന് ഉപയോഗിക്കുന്ന വിവരം അവര്‍ പോസ്റ്റില്‍ വിശദമാക്കി. 1954 ലെ വിവാഹനിയമപ്രകാരം വിവാഹിതരാവുന്നവര്‍ക്കാണ് ഈ ദുര്യോഗമുണ്ടാകുന്നത്. വിവഹനിയമത്തില്‍ 2018ല്‍ കൊണ്ടുവന്ന മാറ്റത്തോടെ അപേക്ഷകരുടെ ഫോട്ടോ കൂടി പതിക്കുന്നുണ്ട്. ഇതും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിച്ചു.
ആതിരയുടെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ട വകുപ്പ് മന്ത്രി ജി സുധാകരന്‍ വിഷയം പഠിക്കാന്‍ രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് ഫോട്ടോയും മേല്‍വിലാസവും ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് നല്‍കുന്ന അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം വകുപ്പ് ഉത്തരവിട്ടത്.
''സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവയ്ക്കുന്നതിനും നിലവിലെ കേന്ദ്ര നിയമപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി''- ഇതേ കുറിച്ച് എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ മന്ത്രി വിശദീകരിച്ചു.
ജി സുധാകരന്റെ പോസ്റ്റ്
രണ്ടു ദിവസം മുമ്പ് ശ്രീമതി ആതിര സുജാത രാധാകൃഷ്ണന്‍ എഴുതിയ കുറിപ്പ് ശ്രദ്ധയില്‍പെട്ടു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാന്‍ അപേക്ഷിച്ച അവരുടെയും അതു പോലുള്ള മറ്റു പലരുടെയും സ്വകാര്യ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചായിരുന്നു അവര്‍ എഴുതിയത്. അതിനെ കുറിച്ച് ഉടന്‍ തന്നെ രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഈ വിഷയത്തില്‍ സംസ്ഥാന വകുപ്പിന് ചെയ്യാന്‍ പറ്റുന്ന നടപടികളെ കുറിച്ച് ആരായുകയും ചെയ്തു. ഒട്ടും കാലതാമസമില്ലാതെ തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശവും രജിസ്‌ട്രേഷന്‍ ഐ.ജിക്ക് നല്‍കി.
സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവയ്ക്കുന്നതിനും നിലവിലെ കേന്ദ്ര നിയമപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.
1954-ലെ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസരണമുള്ള നോട്ടീസ് വിവാഹ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിര്‍പ്പുണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കുന്നതിനുമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.
2018-ലെ പ്രത്യേക വിവാഹ നിയമത്തിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങളായി മാറിയതോടുകൂടി ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകള്‍ 2019 മുതല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
എന്നാല്‍ ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകള്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് നോട്ടീസുകളിലെ വിവരങ്ങള്‍ വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായും വിവാഹ നോട്ടീസ് നല്‍കുന്നവര്‍ക്കെതിരെ ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാവുന്നതായും ഉള്ള പരാതികള്‍ ശ്രദ്ധയില്‍ പെട്ടു . അപേക്ഷകരുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും അപേക്ഷകളുടെ സ്വകാര്യതയെ ബാധിക്കുന്നതായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശാനുസരണം രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിവാഹ നിയമപ്രകാരം അപേക്ഷകരുടെ ഫോട്ടോയും മേല്‍വിലാസവും സഹിതം സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസുകളുടെ ദുരുപയോഗം തടയുന്നതിനും നോട്ടീസുകളിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചരണം തടയുന്നതിനുമായി വിവാഹ നോട്ടീസുകള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു പകരം നോട്ടീസ് അപേക്ഷകരുടെ വാസസ്ഥലം ഉള്‍പ്പെടുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും നല്‍കിയത്.
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT