Latest News

മലപ്പുറം പാലിയേറ്റീവ് ക്ലിനിക്ക് അഴിമതി: രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

മലപ്പുറം പാലിയേറ്റീവ് ക്ലിനിക്ക് അഴിമതി: രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം
X

മലപ്പുറം: മലപ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ മഞ്ചേരി മുന്‍സിഫ് കോടതി ഉത്തരവിട്ടു. ക്ലിനിക്കിന്റെ സ്ഥാപക അംഗവും ഭാരവാഹിയുമായ മുനീര്‍ മുസ്തഫ നല്‍കിയ പരാതിയിലാണ് നടപടി. കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്തതിനെ കുറിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന മുനീര്‍ മുസ്തഫ ഉള്‍പ്പടെയുള്ള പതിനൊന്നോളം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ക്ലിനിക് ഭാരവാഹികളായ അബു തറയില്‍, അബ്ദുല്‍ മലിക് എന്നിവരുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി പുറത്താക്കുകയും ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

പൂര്‍ണ്ണമായും ജനങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം മാത്രം സ്വീകരിച്ച് ജനകീയമായി പ്രവര്‍ത്തിക്കുന്ന മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തറിയാതിരിക്കുന്നതിന് കഴിഞ്ഞ അഞ്ചു വര്‍ഷമായി കണക്കുകളൊന്നും ഓഡിറ്റ് ചെയ്യുന്നില്ല എന്ന ഗുരുതരമായ ആരോപണമാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. സൊസൈറ്റീസ് അക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സ്ഥാപനത്തിലെ ബൈലോയില്‍ ഓഡിറ്റിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ലംഘിക്കുകയാണ്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സംഭാവനകളിലൂടെയുമാണ് ക്ലിനിക്കിന് വരുമാനം ലഭിക്കുന്നത്. എന്നാല്‍ ഇതിന്റെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നില്ല. ക്ലിനിക്കിലേക്കുള്ള മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൊന്നും ടെന്‍ഡര്‍ ക്ഷണിച്ചല്ല ഇടപാടുകള്‍ നടത്തുന്നത്. പകരം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സ്വന്തക്കാര്‍ വഴിയാണ് എല്ലാ ഇടപാടുകളും നടത്തുന്നത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം ഇടപാടുകളിലൂടെ ക്ലിനിക്കിന് ഭീമമായ നഷ്ടം സംഭവിക്കുന്നുണ്ട്. ഓഡിറ്റ് റിപോര്‍ട്ട് തയ്യാറാക്കാത്തതിനാല്‍ ഇക്കാര്യങ്ങളൊന്നും പുറത്ത് വരുന്നില്ല.

സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഇല്ലായ്മയും വര്‍ഷാവര്‍ഷം കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്ന ബൈലോ നിര്‍ദ്ദേശം അവഗണിക്കുന്നതും വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ 11 എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കിയത്. ക്ലിനിക്കിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കിട്ടുന്നതിനു വേണ്ടി ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിയില്‍ പരാതി സമര്‍പ്പിക്കുകയും പരാതി 20/24 നമ്പറായി 2024 ജനുവരി 15ന് രജിസ്റ്റര്‍ ചെയ്യുകയും പ്രസിഡന്റ് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നു പ്രാവശ്യം സിറ്റിങ് നടത്തിയപ്പോഴും ഓഡിറ്റ് റിപ്പോര്‍ട്ടോ, കണക്കുകളൊ ഹാജരാക്കിയില്ല. ഓഡിറ്റ് റിപോര്‍ട്ട് ഇല്ല എന്ന മറുപടിയാണ് വക്കീല്‍ വഴി അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.സാമ്പത്തിക ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവും നടത്തിയും സൊസൈറ്റിയുടെ ബൈലോവില്‍ പറഞ്ഞ കാര്യങ്ങള്‍ ലംഘിച്ചുമാണ് മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ കണക്കുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it