Latest News

മലപ്പുറം- മഞ്ചേരി കാരപറമ്പില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 12 വയസ്സുകാരന്‍ മരിച്ചു

മലപ്പുറം- മഞ്ചേരി കാരപറമ്പില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 12 വയസ്സുകാരന്‍ മരിച്ചു
X

മലപ്പുറം: കാരാപറമ്പ് ഞാവലിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചെങ്ങര തടത്തില്‍ മൂലക്കുടവന്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ഹംദാന്‍ (12) ആണ് മരിച്ചത്. അപകടത്തില്‍ ബന്ധുക്കളായ നാല് പേര്‍ക്ക് പരിക്കേറ്റു. ലത്തീഫിന്റെ സഹോദരിയുടെ മകള്‍ ഹസീന ബാനു (40), മക്കളായ ഹസീം അമല്‍ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. പാണ്ടിക്കാട് നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍നിന്നു വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ മഴയില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹംദാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതൃസഹോദരി ഹസീന ബാനുവിന്റെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാന്‍. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഹസീനയായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

ഹംദാന്റെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സാരമായി പരിക്കേറ്റ ഹാസിം അമല്‍, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീന ബാനുവിനെയും ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഖബറടക്കം ഞായറാഴ്ച ചെങ്ങര ജുമാ മസ്ജിദില്‍ നടക്കും. മാതാവ്: സഫിയ.






Next Story

RELATED STORIES

Share it