Latest News

മെയ്ക്ക് സെന്‍സ് ഓഫ് മെന്‍സസ്; 'പവര്‍ ടു ദി പിരീഡ്' നൈറ്റ് റണ്‍ നടത്തി

മെയ്ക്ക് സെന്‍സ് ഓഫ് മെന്‍സസ്; പവര്‍ ടു ദി പിരീഡ് നൈറ്റ് റണ്‍ നടത്തി
X

കോഴിക്കോട്: ആര്‍ത്തവ ശുചിത്വദിനത്തോനുബന്ധിച്ച് 'പവര്‍ ടു ദി പിരീഡ് ' എന്ന പേരില്‍ നൈറ്റ് റണ്‍ സംഘടിപ്പിച്ചു. 'മെയ്ക്ക് സെന്‍സ് ഓഫ് മെന്‍സസ്' എന്ന ഹാഷ് ടാഗോടെയാണ് പരിപാടി നടത്തിയത്. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും, സബ് കലക്ടര്‍ വി. ചെല്‍സാസിനിയും ചേര്‍ന്ന് നൈറ്റ് റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡോ. ഷീബ ടി. ജോസഫ് ആര്‍ത്തവ ദിനാഘോഷ സന്ദേശം നല്‍കി.

ആര്‍ത്തവത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകള്‍ അകറ്റുക എന്നിവ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെയും ജെന്‍ഡര്‍ പാര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഐ.എം.എ, ജെ.സി.ഐ കാലിക്കറ്റ്, ഡെക്കാത് ലോണ്‍, റെഡ് എഫ്.എം, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് ബീച്ചിലെ നമ്മുടെ കോഴിക്കോട് ഇന്‍സ്റ്റലേഷനില്‍ നിന്നാരംഭിച്ച ഓട്ടം വെള്ളയില്‍ ഹാര്‍ബര്‍ വഴി തിരിച്ചു സ്റ്റാര്‍ട്ടിങ് പോയിന്റില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് രാത്രി ഓട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വനിതകളുടെ അവകാശങ്ങളെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക, രാത്രി സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനുള്ള ഭയം അകറ്റുക എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചാണ് നൈറ്റ് റണ്‍ നടത്തിയത്.

ആര്‍ത്തവ ശുചിത്വത്തെപ്പറ്റി ബോധവത്കരിക്കുക, ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളെ തകര്‍ക്കുക, ആര്‍ത്തവ സംബന്ധിയായി നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുക, സാനിറ്ററി ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ആര്‍ത്തവ സൗഹൃദ ശുചിത്വ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മെയ് 28 ലോക ആര്‍ത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്.

ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ സെഷനുകള്‍, വെബിനാറുകള്‍, ചര്‍ച്ചകള്‍, സംശയനിവാരണ സെഷനുകള്‍, സൈക്കിള്‍ റാലി, സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍, പ്രചാരണ ക്യാംപയിനുകള്‍, ക്വിസ് മല്‍സരം എന്നീ പരിപാടികളും നടത്തിയിരുന്നു.

ഗവ. നഴ്‌സിങ് കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി 29 ബറ്റാലിയന്‍, ജില്ലാ കലക്ടര്‍ ഇന്റേണ്‍സ്, ജെന്‍ഡര്‍ പാര്‍ക്ക് ജീവനക്കാര്‍, ജെ.സി.ഐ അംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ നൈറ്റ് റണ്ണില്‍ പങ്കെടുത്തു. റെഡ് എഫ്.എം റേഡിയോ ജോക്കി മനു സ്വാഗതവും ജെന്‍ഡര്‍ പാര്‍ക്ക് ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് ഡോ. പീജ രാജന്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it