Latest News

ലക്കി ബില്‍ ആപ്പ്: നികുതി വരുമാനം വര്‍ധിപ്പിക്കാനെന്ന് മുഖ്യമന്ത്രി

നികുതി ദായകരെ സവിശേഷമായി കണ്ട് രാജ്യത്ത് തന്നെ ആദ്യമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്

ലക്കി ബില്‍ ആപ്പ്: നികുതി വരുമാനം വര്‍ധിപ്പിക്കാനെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനാവും വിധം നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് ലക്കില്‍ ബില്‍ ആപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്കി ബില്‍ ആപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബില്ല് വാങ്ങുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തില്‍ നികുതി ചോര്‍ച്ച തടയുകയുമാണ് ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. ലക്കി ബില്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കിയത് കേരള ഡിജിറ്റല്‍ സര്‍വകലാശാലയാണ്. ഇതാണ് ഇന്ന് പ്രവര്‍ത്തന സജ്ജമാകുന്നത്. നികുതി ദായകരെ സവിശേഷമായി കണ്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.

വാണിജ്യ രംഗത്തെ അനഭിലഷണീയ പ്രവര്‍ത്തനം തടയാനും വ്യാപാരികള്‍ക്ക് വാണിജ്യ വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്താനും, നികുതി കൃത്യമായി സര്‍ക്കാരിലേക്ക് അടക്കാനും സഹായകരമാകും. നികുതി ദായകരും വ്യാപാരികളും സഹകരിച്ച് കൊണ്ട് നികുതി വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ ശ്രമം.

ഇത് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അത് തടസപ്പെടാതിരിക്കാന്‍ എല്ലാവരും സഹകരിക്കണം. നികുതി പിരിക്കുമ്പോള്‍ അത് നീതിയുക്തമാകണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. നികുതി ദായകരുടെ റിട്ടേണ്‍ ഉറപ്പാക്കുന്നതിന് ടാക്‌സ് പെര്‍ റേറ്റിങ് കാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ഈ സംവിധാനം ഓരോ വ്യാപാരികളെയും നികുതി സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും സാധിച്ചു. ഇ ഓഫിസ് എല്ലാ ജിഎസ്ടി ഓഫിസുകളിലും സാധ്യമായി. ജിഎസ്ടി വകുപ്പിനെ പൂര്‍ണ ഡിജിറ്റല്‍ വകുപ്പാക്കി മാറ്റാനായി. നികുതി വകുപ്പിനെ ഓഡിറ്റ്, ടാക്‌സ് പെര്‍ സേവിങ്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ വിഭജിച്ചു.

ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യുന്ന ബില്ലുകള്‍ക്ക് ആഴ്ചയിലും മാസത്തിലും വര്‍ഷത്തിലും സമ്മാനം നല്‍കും. ബംപര്‍ സമ്മാനവും നല്‍കും. കുടുംബശ്രീ വഴിയും കെടിഡിസി വഴിയും സമ്മാനങ്ങള്‍ ലഭിക്കും. അഞ്ച് കോടി വരെ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് ബില്ലുകള്‍ ചോദിച്ച് വാങ്ങാന്‍ പ്രേരണയാവും എന്നാണ് കരുതുന്നത്. നാം വിഭാവനം ചെയ്ത നവകേരളം സൃഷ്ടിക്കാനായി എല്ലാവരുടെയും പങ്കുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it